മൂന്നാം ഏകദിനം; ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 257 റൺസ് വിജയ ലക്ഷ്യം

July 17, 2018

പരമ്പര വിജയികളെ നിർണ്ണയിക്കുന്ന മൂന്നാം ഏകദിനത്തിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 257 റൺസ് വിജയ ലക്ഷ്യം. 71 റൺസെടുത്ത നായകൻ വിരാട് കോഹ്‌ലിയും 44 റൺസെടുത്ത ഓപ്പണർ ശിഖർ ധവാന്റെയും ബാറ്റിംഗ് മികവാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. മികച്ച ടോട്ടലിലേക്ക് മുന്നേറുകയായിരുന്നു ഇന്ത്യയുടെ മധ്യ നിര ബാറ്റ്സ്മാന്മാർ തകർന്നടിഞ്ഞതാണ് ഇന്ത്യയെ വലിയ സ്‌കോറിൽ നിന്നും തടഞ്ഞു നിർത്തി..

25ാം ഓവറിൽ രണ്ടിന് 125 എന്ന ശക്തമായ നിലയിൽ നിന്നുമാണ് 256 റൺസിന് ഇന്ത്യൻ ഇന്നിംഗ്സ് അവസാനിച്ചത്.   ടീം സ്കോർ 84 ൽ   നിൽക്കേ   ശിക്കർ ധവാന്റെ അപ്രതീക്ഷിത റൺഔട്ട്  മത്സരത്തിൽ നിർണായകമായി. എന്നാൽ ധവാന് ശേഷമിറങ്ങിയ  ദിനേശ് കാർത്തിക് കൊഹ്‌ലിക്കൊപ്പം ചേർന്ന് ഇന്ത്യൻ ഇന്നിഗ്‌സിന്  മികച്ച അടിത്തറ നൽകിയെങ്കിലും  മൂന്നാമതായി പുറത്തായ കർത്തിക്കിന് ശേഷമെത്തിയ ബാറ്സ്മാന്മാർക്കൊന്നും താളം കണ്ടെത്താനാകാതെ വന്നതോടെ ഇന്ത്യൻ ഇന്നിങ്സിന്റെ വേഗം കുറയുകയായിരുന്നു.

കാർത്തിക്കിനെയും കൊഹ്‍ലിയെയും ക്ലീൻ ബൗൾഡാക്കുകയും  ഒരു റൺസ് മാത്രമെടുത്ത സുരേഷ് റെയ്നയെ  റൂട്ടിന്റെ കൈകളിൽ എത്തിക്കുകയും ചെയ്ത  സ്പിന്നർ ആദിൽ റഷീദിന്റെ ബൗളിംഗാണ് ഇംഗ്ലണ്ടിന് മത്സരത്തിൽ മേൽക്കൈ നൽകിയത്. 10 ഓവറിൽ 49 റൺസ് വഴങ്ങിയാണ് ആദിൽ റഷീദ്  ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലൊടിച്ച മൂന്നു വിക്കറ്റുകൾ പിഴുതത്.

49ാം ഓവറിൽ ശാർദൂൽ താക്കൂർ നേടിയ ഇരട്ട സിക്സറുകളാണ് ഇന്ത്യൻ ഇന്നിംഗ്സ് 250 കടത്തിയത്. ഭുവനേശ്വർ കുമാറും ഹർദിക് പാണ്ഡ്യയും 21 റൺസ് വീതമെടുത്ത് പുറത്തായപ്പോൾ എം എസ് ധോണി 66 പന്തുകളിൽ 42 റൺസുമായി പുറത്തായി.അവസാന ഓവറുകളിൽ ധോണി മത്സരം ഇന്ത്യക്കനുകൂലമാക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരിക്കവേയാണ് വില്ലിയുടെ പന്തിൽ കീപ്പർ ബട്ലർക്ക് അനായാസ ക്യാച്ച് നൽകി മുൻ നായകൻ പുറത്തായത്. അവസാന പ്രതീക്ഷയായിരുന്ന   ധോണിയും  പുറത്തായതോടെ ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തിൽ 256 റൺസിൽ ഒതുങ്ങി.