‘നിങ്ങൾ റയലിലേക്ക് പോകരുത്’; സൂപ്പർ താരത്തോട് അഭ്യർത്ഥനയുമായി ഫാബ്രിഗസ്
സൂപ്പർ താരം ഈഡൻ ഹസാർഡ് ചെൽസി വിട്ടുപോകരുതെന്ന അഭ്യർത്ഥനയുമായി സഹതാരം ഫാബ്രിഗസ്. റഷ്യൻ ലോകകപ്പിൽ ബെൽജിയത്തെ മുന്നിൽ നിന്ന് നയിച്ച് മൂന്നാം സ്ഥാനം നേടിക്കൊടുത്ത നായകനെ തേടി സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് സജീവമായി രംഗത്തുള്ളപ്പോഴാണ് റയലിന്റെ ഓഫർ നിരസിക്കണമെന്നും ചെൽസിയിൽ തുടരണമെന്നുമുള്ള അഭ്യർത്ഥനയുമായി ഫാബ്രിഗസ് എത്തിയിരിക്കുന്നത്.
“ഞങ്ങൾ(ചെൽസി ) മികച്ച ടീമാണ്..ഹസാർഡാണ് ഞങ്ങളുടെ നിരയിലെ ഏറ്റവും മികച്ചവൻ. കളിക്കളത്തിൽ വിജയങ്ങൾ നേടാൻ മികച്ച താരങ്ങളുടെ സേവനം കൂടിയേ തീരൂ..അത്തരത്തിലൊരാളാണ് ഹസാർഡ്.അവനൊപ്പം കളിയ്ക്കാൻ ഞങ്ങൾ എല്ലാവരും ഇഷ്ടപ്പെടുന്നു..ക്ലബ്ബിനും സഹ താരങ്ങൾക്കും ആരാധകർക്കും ഹസാർഡിനെ അത്രമേൽ ഇഷ്ടമാണ്.പ്രത്യേകിച്ച് എനിക്ക്.അതുകൊണ്ട് തന്നെ ഹസാർഡ് ചെൽസിയിൽ തുടരണമെന്ന് അഭ്യർത്ഥിക്കുന്നു.”-ഫാബ്രിഗസ് പറഞ്ഞു
സൂപ്പർ താരം റൊണാൾഡോയെ യുവന്റസിന് കൈമാറിയതോടെ റോണോയ്ക്ക് പോന്ന ഒരു പകരക്കാരനെ കണ്ടെത്താനായി നെട്ടോട്ടമോടുകയാണ് റയൽ മാനേജ്മെന്റ്. അടുത്ത സീസണിൽ പുതിയൊരു ക്ലബ്ബിനായി കളിക്കാനാഗ്രഹിക്കുന്നുവെന്ന് ഹസാർഡും നേരെത്തെ വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് സൂപ്പർ താരത്തിനായുള്ള റയലിന്റെ അന്വേഷണം ഹസാർഡിലെത്തി നിൽക്കുകയാണെന്ന് അഭ്യൂഹങ്ങൾ പരന്നത്.
ചെൽസിയുടെ പുതിയ പരിശീലകനായി ചുമതലയേറ്റ സാരി ഹസാർഡിനെ ടീമിൽ നിലനിർത്തുമോയെന്ന സംശയവും താരത്തിന്റെ ട്രാൻസ്ഫർ വാർത്തകൾ സജീവമാക്കി. റഷ്യൻ ലോകകപ്പിൽ മൂന്നു ഗോളുകളും നാല് അസിസ്റ്റുകളുമായി ബെൽജിയൻ പടയോട്ടത്തിന് നേതൃത്വം വഹിച്ച ഹസാർഡ് നിലവിൽ യൂറോപ്പിലെ ഏറ്റവും മൂല്യമുള്ള താരങ്ങളിൽ ഒരാളാണ്.