റൺവേട്ടയിൽ വിവിയൻ റിച്ചാർഡ്സിനെയും പിന്തള്ളി പാക് യുവ താരം

July 24, 2018

ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് നേടുന്ന താരമായി പാകിസ്താന്റെ ഫഖർ സമാൻ. 18 മത്സരങ്ങളിൽ നിന്നും ആയിരം റൺസ് കണ്ടെത്തിയാണ് ഏകദിന ക്രിക്കറ്റിലെ അവിസ്മരണീയമായൊരു റെക്കോർഡ് ഫഖാർ സമാൻ തന്റെ പേരിലാക്കിയത്.

21 മത്സരങ്ങളിൽ നിന്നായി 1000 റൺസ് നേടിയ  വെസ്റ്റിഇൻഡീസിന്റെ ബാറ്റിംഗ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സ്, കെവിൻ പീറ്റേഴ്‌സൺ,  ജോനാഥൻ ട്രോട്ട്, ക്വിന്റൺ ഡികോക്ക്, ബാബർ അസം എന്നിവരുടെ റെക്കോർഡാണ്
ഫഖർ സമാന് മുന്നിൽ പഴങ്കഥയായത്. ഇന്ത്യയുടെ റൺ മെഷിനും നായകനുമായ  വിരാട് കോഹ്ലി  24 മത്സരങ്ങളിൽ നിന്നുമാണ് 1000 റൺസ് മാർജിൻ കടന്നത്.

കഴിഞ്ഞ 18 ഇന്നിങ്‌സുകളിൽ നിന്നായി അഞ്ചു ശതകങ്ങളും മൂന്നു അർദ്ധ ശതകങ്ങളും കുറിച്ചാണ് ഫഖർ സമാൻ ചരിത്ര നേട്ടത്തിലേക്ക് കുതിച്ചത്. സിംബാബ്വെക്കെതിരായ അഞ്ചാം ഏകദിന മത്സരത്തിനിടയാണ് താരം ആയിരം റൺസ് പിന്നിട്ടത്. അഞ്ചാം ഏകദിനത്തിൽ 85 റൺസ് നേടിയാണ് താരം ബാറ്റിംഗ് അവസാനിപ്പിച്ചത്. സിംബാബ്‌വെക്കെതിരായ പരമ്പരയിൽ  അഞ്ചു മത്സരങ്ങളിൽ നിന്നായി   505 റൺസ് നേടിയ ഫഖർ സമാനായിരുന്നു പാക് നിരയിലെ ടോപ് സ്‌കോറർ. സമകാലീന ക്രിക്കറ്റ് ലോകത്ത് വിരാട് കോഹ്‌ലിക്ക് കടുത്ത വെല്ലുവിളിയുയർത്തുന്ന റൺ വേട്ടയാണ് പാകിസ്താന്റെ ഈ 28 കാരൻ നടത്തുന്നത്