ഫ്രാൻസോ..ക്രൊയേഷ്യയോ..? ലുഷ്നിക്കിയിൽ ഇന്ന് കിരീടധാരണം

July 15, 2018

32 ദിവസം നീണ്ടു നിന്ന കാൽപ്പന്തു കളിയിലെ വിശ്വമാമാങ്കത്തിന് ഇന്ന് ലുഷ്നിക്കിയിൽ പരിസമാപ്തിയാകും..ലോകത്തെ ഏറ്റവും ശക്തരായ 32 ടീമുകൾ പോരടിച്ച റഷ്യൻ മണ്ണിൽ ഇനി അവശേഷിക്കുന്നത് രണ്ടു ടീമുകൾ മാത്രം.ഫ്രാൻസും ക്രൊയേഷ്യയും…!എതിരാളികളെ നിഷ്പ്രഭമാക്കി, പരാജയമറിയാതെ കുതിച്ച ഇരു ടീമുകളിൽ ഒരാൾ ഇന്ന് കാലിടറി വീഴും.രണ്ടാം സ്ഥാനക്കാരായി റഷ്യയോട് വിട പറയും..കലാശപ്പോരിലും വിജയക്കൊടി നാട്ടുന്നവൻ ലോക ഫുട്ബോളിലെ പുതിയ വിശ്വവിജയിയായി അവരോധിക്കപ്പെടും..

യൂറോപ്പിന്റെ പ്രതിനിധികളായി റഷ്യയിലെത്തിയ ഫ്രാൻസും ക്രൊയേഷ്യയും കിരീടത്തിനായി കളത്തിലിറങ്ങുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് യൂറോപ്പ് തന്നെയായിരിക്കും..ആര് വിജയിച്ചാലും അത് യൂറോപ്പിന്റെ 12ാം കിരീട നേട്ടമാകും…9 കിരീടങ്ങളുള്ള തെക്കേ അമേരിക്കയെക്കാൾ ഒരു പടി കൂടി മുകളിലെത്തുകയും ചെയ്യും.

അട്ടിമറികൾ ഒരുപാട് കണ്ട റഷ്യൻ ലോകകപ്പിനെ അടിമുടി ഞെട്ടിച്ചുകൊണ്ടാണ് ക്രൊയേഷ്യയുടെ ഫൈനൽ പ്രവേശനം.ജർമ്മനിയെ തുരത്തിയ മെക്സിക്കൻ അപാരതയും സൗത്ത് കൊറിയൻ വിപ്ലവവും ബെൽജിയത്തെ വിറപ്പിച്ചു വിട്ട ജാപ്പനീസ് പോരാട്ടവീര്യവും കണ്ടു രസിച്ച ഫുട്ബാൾ പ്രേമികളെ ഏറെ സന്തോഷിപ്പിക്കുന്നതാവും ക്രൊയേഷ്യയുടെ ഈ സ്വപ്നകുതിപ്പ്.മോഡ്രിച്ചും, റാക്കിറ്റിച്ചും മാൻസുക്കിച്ചും,പെരിസിച്ചുമടങ്ങുന്ന ക്രൊയേഷ്യയുടെ സുവർണ്ണ തലമുറ റഷ്യയിൽ വന്നിറങ്ങിയപ്പോഴും അവരുടെ യാത്രക്ക് ഫൈനൽ വരെയുള്ള ദൈർഘ്യമുണ്ടാകുമെന്ന് പ്രവചിച്ചവർ അധികമുണ്ടാവില്ല..
മറുവശത്ത് ഫ്രാൻസിന്റെ മുന്നേറ്റം ഏറെക്കുറെ എല്ലാവരും പ്രതീക്ഷിച്ചതാണ്.ലോക ഫുട്ബോളിലെ ഏറ്റവും മികച്ച പ്രതിരോധ-മധ്യ-മുന്നേറ്റ താരങ്ങളുടെ കൃത്യമായ സമന്വയമാണ് ഫ്രാൻസിന്റെ യഥാർത്ഥ കരുത്ത്. ഒറ്റയാൻ പ്രകടനത്തിലൂടെ മത്സരം സ്വന്തമാക്കാൻ ശേഷിയുള്ള ഒരുപിടി താരങ്ങളും ദിദിയർ ദെഷാംസ് എന്ന അഗ്രഗണ്യനായ പരിശീലകനും ചേർന്നപ്പോൾ ഫ്രാൻസ് അജയ്യരായി മാറി..
എത്ര കരുത്തരായാലും ഫൈനൽ ദിനം എങ്ങനെ പോരാടിയെന്നതാണ് പ്രധാനം.കണക്കിലെ കരുത്തിനേക്കാൾ കളിക്കളത്തിലെ മനോബലവും പ്രകടന മികവും തന്നെയാണ് ഇന്നത്തെ കിരീടവിജയിയെ നിർണ്ണയിക്കുന്നത്..ആദ്യമായി ഫൈനൽ കളിക്കുന്ന ഡാലിക്കിന്റെ ക്രൊയേഷ്യയും മൂന്നാം ഫൈനലിനിറങ്ങുന്ന ഫ്രഞ്ച് പടയും അവസാന അങ്കത്തിനിറങ്ങുമ്പോൾ മനോഹരമായ ഒരു ഫൈനൽ പോരാട്ടത്തിനായി നമുക്ക് കാത്തിരിക്കാം.