റഷ്യൻ ലോകകപ്പിലെ ‘ബ്രസീൽ മാജിക്ക്’; കാനറികളെ ശക്തരാക്കിയ അഞ്ചു ഘടകങ്ങൾ

July 6, 2018

 

2016 ജൂണിലാണ്  ടിറ്റെ എന്ന  ചുരുക്കപ്പേരിൽ അറിയപ്പെടുന്ന  അഡെനോർ ലിയനാർഡോ ബാച്ചി എന്ന  പരിശീലകൻ ബ്രസീലിന്റെ ചുമതലയേൽക്കുന്നത്. കോപ്പ അമേരിക്കയിലെ ദയനീയ പ്രകടനത്താൽ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ദുംഗയിൽ നിന്നും പരിശീലക സ്ഥാനം ഏറ്റെടുക്കുമ്പോൾ കടമ്പകളേറെയായിരുന്നു ടിറ്റെയ്ക്ക് മുന്നിൽ..താളം നഷ്ടപ്പെട്ട ബ്രസീലിനെ കാൽപ്പന്തുകളിയിലെ പ്രതാപ കാലത്തിലേക്ക് മടക്കിക്കൊണ്ടുപോകുക എന്ന ലക്ഷ്യവുമായി  പരിശീലക വേഷമണിഞ്ഞ ടിറ്റെയിലൂടെ ശരവേഗത്തിൽ കുതിക്കുന്ന ബ്രസീലിനെയാണ്  പിന്നീട് ലോകം കണ്ടത്.

ടിറ്റെ പരിശീലിപ്പിച്ച 25 മത്സരങ്ങളിൽ 20 ലും വിജയം നേടിയ  ബ്രസീൽ കേവലം ഒരു മത്സരത്തിൽ മാത്രമാണ് പരാജയമറിഞ്ഞത്.  ബെലോ ഹൊറിസോണ്ടയിൽ ജർമനിക്ക് മുൻപിൽ 7 ഗോളുകൾക്ക് തകർന്നടിഞ്ഞതിന്റെ നൊമ്പരം ഇനിയും മാറിയിട്ടില്ലാത്തവരാണ് ബ്രസീലിയൻ ജനത.എന്നാൽ  ടിറ്റെയ്ക്ക് കീഴിലെ   25 കളികളിൽ നിന്നും  അവർ വഴങ്ങിയത് വെറും ആറു ഗോളുകൾ മാത്രമാണെന്ന വസ്തുത ടിറ്റെയെന്ന പരിശീലക മാന്ത്രികന്റെ വൈഭവത്തിന് അടിവരയിടുന്നു .

റഷ്യൻ ലോകകപ്പിലെ  കളിക്കളത്തിൽ കഴിഞ്ഞ  310 മിനുട്ടുകളായി ബ്രസീൽ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല..പിളരാത്ത പ്രതിരോധക്കോട്ടയ്‌ക്കൊപ്പം എതിർ നിര തുളച്ചുകയറുന്ന മധ്യ-മുന്നേറ്റ നിരയും കൂടി ചേർത്തതോടെ ബ്രസീൽ പഴയ ബ്രസീലാകുന്ന കാഴ്ചയാണ് റഷ്യയിൽ കണ്ടത്.ഈ ലോകകപ്പിൽ ബ്രസീലിയൻ മുന്നേറ്റത്തിൽ നിർണ്ണായകമായ അഞ്ചു ഘടകങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

സോണൽ മാർക്കിംഗ്

എതിരാളികളെ വ്യക്തിപരമായി മാർക്ക് ചെയ്യുന്നതിന് പകരം ഓരോ കളിക്കാരനും മൈതാനത്തെ ഒരു പ്രത്യേക ഏരിയകൾ  കവർ ചെയ്യുന്ന പ്രതിരോധ രീതിയാണ് സോണൽ മാർക്കിംഗ്.റഷ്യൻ ലോകകപ്പിൽ  നാലു കളികളിൽ നിന്നായി ഇതുവരെ ഒരു ഗോൾ മാത്രം വഴങ്ങിയ ബ്രസീലിന്റെ പ്രധാന പ്രതിരോധ തന്ത്രങ്ങളിൽ ഒന്നാണ് പിഴവില്ലാത്ത  സോണൽ മാർക്കിങ്

എതിരാളികളെ സമ്മർദ്ദത്തിലാക്കുന്ന പ്രെസ്സിംഗ് ഗെയിം

മികച്ച പ്രെസ്സിംഗ് ഗെയിമിലൂടെ മൈതാനമധ്യത്തിൽ ബാൾ പോസ്സെഷൻ നിലനിർത്താനും എതിരാളികളുടെ നീക്കങ്ങളുടെ മുനയൊടിക്കാനും ബ്രസീലിനായി. എതിരാളികളിൽ നിന്നും പന്ത് കൈക്കലാക്കാൻ ശ്രമിക്കുന്നതോടൊപ്പം തന്നെ അവരെ കൗണ്ടർ അറ്റാക്കുകളിൽ നിന്നും തടഞ്ഞു നിർത്താനും ബ്രസീലിന് സാധിക്കുന്നു.

പ്രതിരോധം=ആക്രമണം

പിഴവില്ലാത്ത പ്രതിരോധത്തിനൊപ്പം തന്നെ മൂർച്ചയേറിയ ആക്രമണങ്ങളും ഫലപ്രദമായി നടത്താൻ കെൽപ്പുള്ള ഗെയിം പ്ലാനാണ് ടിറ്റെ വിഭാവനം ചെയ്തിരിക്കുന്നത്.ഒരേ സമയം ടീം ഒന്നടങ്കം പ്രതിരോധിക്കുകയും അടുത്ത നിമിഷം ഒരുമിച്ച് അക്രമങ്ങൾക്ക് കോപ്പു കൂട്ടുകയും ചെയ്യുന്ന ബ്രസീൽ ശൈലി ഈ ലോകകപ്പിൽ നിരവധി തവണ നമ്മൾ കണ്ടുകഴിഞ്ഞു..

സപ്പോർട്ടിംഗ് സ്റ്റാഫുകളുടെ ഐക്യം  

ഏറെക്കാലമായി ഒരുമിച്ചു പ്രവർത്തിക്കുന്ന ഒരുപിടി സപ്പോർട്ടിംഗ് സ്റ്റാഫുകളുമായാണ് ടിറ്റെ ബ്രസീലിനെ പരിശീലിപ്പിക്കാനിറങ്ങിയത്.  പരസ്പരം നന്നായി അറിയുകയും ഓരോ കളിക്കാരുടെയും ശക്തി-ദൗർബല്യങ്ങൾ വിശദമായി വിലയിരുത്തുകയും ചെയ്യുന്ന  ഈ കോർ ടീമാണ്  കളിക്കളത്തിൽ മെനയേണ്ട തന്ത്രങ്ങൾ ആവിഷ്കരിക്കുന്നത്.

കളിക്കാരുമായുള്ള കൃത്യമായ ആശയവിനിമയം..

ഓരോ കളിക്കാരനും ചെയ്യേണ്ട ദൗത്യമെന്തെന്ന് വളരെ വ്യക്തമായി കുറിച്ചിടുന്നതാണ് ടിറ്റെയുടെ പരിശീലന രീതി. ഉദാഹരണമായി പിഎസ്‌ജിയിലെ ക്ലബ് മത്സരത്തിന് ശേഷം ബ്രസീലിനായി കളിയ്ക്കാൻ വരുന്ന നെയ്മർ ഡ്രെസ്സിംഗ് റൂമിലെത്തുമ്പോഴേക്കും താരത്തിനായുള്ള സന്ദേശങ്ങൾ മൊബൈലിൽ എത്തിക്കഴിഞ്ഞിട്ടുണ്ടാകും.താരത്തിൽ നിന്നും ടീം എന്താണ് പ്രതീക്ഷിക്കുന്നതെന്ന്  ചിത്രങ്ങളിലൂടെയും മെസ്സേജുകളിലൂടെയും വളരെ കൃത്യമായി തന്നെ വ്യക്തമാക്കും.