കലാശപ്പോരിൽ ക്രൊയേഷ്യയെയും തകർത്തെറിഞ്ഞ് ഫ്രഞ്ച് വിപ്ലവം; 21ാം ലോകകിരീടത്തിൽ മുത്തമിട്ട് ഫ്രാൻസ്
കാൽപ്പന്തിന്റെ വിശ്വവേദിയിൽ 20 വർഷങ്ങൾക്ക് ശേഷം വീണ്ടും ഫ്രഞ്ച് വിപ്ലവം…!റഷ്യൻ ലോകകപ്പിലെ കലാശപ്പോരാട്ടത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്ക് ക്രൊയേഷ്യയെ തകർത്തുകൊണ്ടാണ് ദിദിയർ ദെഷാംസിന്റെ ഫ്രഞ്ച് പട്ടാളം രണ്ടാം ലോക കിരീടം ചൂടിയത്..ഗ്രീസ്മാൻ, പോഗ്ബ, എംബാപ്പ എന്നിവരുടെ ഗോളുകളും മാൻസുക്കിച്ചിന്റെ സെൽഫ് ഗോളുമാണ് ഫ്രാൻസിസ് 2018 ലോകകപ്പിലെ വിജയികളാക്കിയത്.
മത്സരത്തിൽ തുടക്കം മുതലേ ആക്രമിച്ചു കളിച്ച ക്രൊയേഷ്യയെ ഞെട്ടിച്ചുകൊണ്ട് 18ാം മിനുട്ടിൽ ഗ്രീസ്മാന്റെ ഫ്രീകിക്കിലൂടെ ഫ്രാൻസ് മുന്നിലെത്തി.പെനാൽറ്റി ബോക്സിന് പുറത്തുനിന്നും ഗ്രീസ്മാനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് ക്രോയേഷ്യൻ സ്ട്രൈക്കർ മാൻസൂക്കിച്ചിന്റെ തലയിൽ തട്ടി പോസ്റ്റിൽ കയറുകയായിരുന്നു.
സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്ത അതേ മാൻസുക്കിച്ചിന്റെ സെല്ഫ് ഗോളിലൂടെ കലാശപ്പോരാട്ടത്തിൽ ക്രൊയേഷ്യ പിന്നിലാകുന്ന കാഴ്ചയാണ് ലുഷ്നിക്കിയിൽ കണ്ടത്.എന്നാൽ 10 മിനുട്ടുകൾക്ക് ശേഷം 28ാം മിനുട്ടിൽ പെരിസിച്ചിന്റെ സൂപ്പർ ഷോട്ടിലൂടെ ക്രോയേഷ്യ ഒപ്പമെത്തുകയായിരുന്നു..
ഫ്രാൻസിന്റെ ആദ്യ ഗോളിന് സമാനമായി ഒരു ഫ്രീകിക്കിൽ നിന്നുമാണ് ക്രോയേഷ്യ സമനില ഗോൾ കണ്ടെത്തിയത്.മോഡ്രിച്ചിന്റെ കിക്ക് തലകൊണ്ട് മറിച്ചു നൽകിയ വിടയിൽ നിന്നും പന്ത് സ്വീകരിച്ച പെരിസിച്ച് പ്രതിരോധ താരങ്ങളെ സമർത്ഥമായി കബളിപ്പിച്ചുകൊണ്ട് ഗോൾ നേടുകയായിരുന്നു..
സമനിലയുമായി ആദ്യ പകുതി അവസാനിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് അപ്രതീക്ഷിതമായി ലഭിച്ച പെനാൽറ്റിയിൽ നിന്നും ഗ്രീസ്മാൻ ഫ്രാൻസിന്റെ രണ്ടാം ഗോൾ നേടുന്നത്ഫ്രാൻസിന്റെ കോർണർ ക്ലിയർ ചെയ്യുന്നതിനിടെ പെരിസിച്ചിന്റെ കയ്യിൽ പന്ത് തട്ടിയതിനാണ് അർജന്റീനൻ റഫറി പിറ്റാന പെനാൽറ്റി വിധിച്ചത് . 38 ാം മിനുട്ടിൽ ലഭിച്ച സുവർണ്ണാവസരം മുതലാക്കി ഫ്രഞ്ച് നായകൻ ഗ്രീസ്മാൻ കക്രൊയേഷ്യൻ ഗോളി സുബാസിച്ചിന് ഒരു പഴുതും നൽകാതെ വല കുലുക്കി.
സമനില ഗോളിനായി രണ്ടും കൽപ്പിച്ചാണ് രണ്ടാം പകുതിയിൽ ക്രോയേഷ്യൻ പട കളത്തിലിറങ്ങിയത്.എന്നാൽ ക്രോയേഷ്യയുടെ തളരാത്ത പോരാട്ടവീര്യത്തെ നിഷ്പ്രഭമാക്കികൊണ്ട് 59ാം മിനുട്ടിൽ പോഗ്ബയും 65ാം മിനുട്ടിൽ എംബാപ്പയും ഫ്രാൻസിനായി ഗോളുകൾ നേടുകയായിരുന്നു. മൂന്നു ഗോളിന് പിറകിലായിരിക്കവേ ഫ്രഞ്ച് ഗോളി ലോറിസിന്റെ പിഴവ് മുതലെടുത്ത മാൻസുക്കിച്ച് ക്രോയേഷ്യക്കായി രണ്ടാം ഗോൾ നേടിയെങ്കിലും 2-4 എന്ന സ്കോറിന് ഫ്രാൻസ് മത്സരവും ലോകകപ്പും സ്വന്തമാക്കി.
20 വർഷങ്ങൾക്ക് മുൻപ് നായക വേഷത്തിൽ ഫ്രാൻസിന് ലോക കിരീടം സമ്മാനിച്ച ദിദിയർ ദെഷാംസ് പരിശീലകന്റെ വേഷത്തിലും കിരീട നേട്ടം ആവർത്തിക്കുന്ന കാഴ്ചയ്ക്കും റഷ്യ സാക്ഷ്യം വഹിച്ചു. നായകനായും പരിശീലകനായും ലോക കിരീടം നേടിയ ജർമ്മൻ ഇതിഹാസം ബെക്കൻ ബൊവറുടെ സുവർണ്ണ നേട്ടത്തിനൊപ്പമെത്താനും ഇതോടെ ദിദിയർ ദെഷാംസിന് കഴിഞ്ഞു.
കലാശപ്പോരാട്ടത്തിൽ കാലിടറിയെങ്കിലും ലോകമെമ്പാടുമുള്ള ഫുട്ബാൾ പ്രേമികളുടെ ഹൃദയം കീഴടക്കിയ പോരാട്ടവീര്യവുമായാണ് ലുക്കാ മോഡ്രിച്ചിന്റെ ക്രോയേഷ്യ റഷ്യയോട് വിടപറയുന്നത്.തുടർച്ചയായി മൂന്നു മത്സരങ്ങളിൽ 120 മിനുട്ടുകൾ കളിക്കേണ്ടി വന്നതിന്റെ തളർച്ച വകവെക്കാതെ മികച്ച രീതിയിൽ പോരാടിയ ക്രൊയേഷ്യ ലോക ഫുട്ബാളിൽ പുതു ചരിത്രം രചിച്ചുകൊണ്ടാണ് കളിക്കളത്തിൽ നിന്നും യാത്ര പറയുന്നത്..