ഉറുഗ്വായെ രണ്ടു ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമിയിൽ
റഷ്യൻ ലോകകപ്പിലെ ആദ്യ ക്വാർട്ടർ പോരാട്ടത്തിൽ ഉറുഗ്വായെ രണ്ടു ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമിയിൽ..മത്സരത്തിന്റെ 40ാം മിനുട്ടിൽ റാഫേൽ വരാനായും 61ാം മിനുട്ടിൽ ഗ്രീസ്മാനും നേടിയ ഗോളുകളാണ് ഫ്രാൻസിനെ റഷ്യൻ ലോകകപ്പിലെ ആദ്യ സെമിഫൈനലിസ്റ്റുകളാക്കിയത്..
ഉറുഗ്വൻ പെനാൽറ്റി ബോക്സിന്റെ വലത്തു നിന്നും ഗ്രീസ്മാൻ എടുത്ത ഫ്രീകിക്കിനെ തലകൊണ്ട് കൃത്യമായി പോസ്റ്റിലേക്ക് തിരിച്ചുവിട്ടുകൊണ്ടാണ് വരാനാ ഫ്രാൻസിന്റെ ആദ്യ ഗോൾ നേടിയത്..സമനില ഗോൾ കണ്ടെത്താനുള്ള ഉറുഗ്വായുടെ നിരന്തര ശ്രമങ്ങൾക്കിടെ ഗോളി മുസ്ലേര വരുത്തിയ അവിശ്വസനീയമായ പിഴവാണ് ഫ്രാൻസിന് രണ്ടാം ഗോൾ നേടിക്കൊടുത്തത്.
പെനാൽറ്റി ബോക്സിനു പുറത്തു നിന്ന് ഗ്രീസ്മാൻ തൊടുത്ത ഷോട്ട് ഉറുഗ്വൻ ഗോളി മുസ്ലേരയ്യുടെ കൈയ്യിൽ തട്ടി പോസ്റ്റിൽ കയറുകയായിരുന്നു. ഗ്രീസ്മാൻ തൊടുത്ത ഷോട്ട് തട്ടിയകറ്റണോ കൈപ്പിടിയിലൊതുക്കണോ എന്ന് ശങ്കിച്ച മുസ്ലേരയുടെ അവിശ്വസനീയമായ പിഴവാണ് ഫ്രാൻസിന് രണ്ടാം ഗോൾ നേടിക്കൊടുത്തത്. ആദ്യ ഗോളിന് വഴിയൊരുക്കുകയും രണ്ടാം ഗോൾ നേടുകയും ചെയ്ത ഗ്രീസ്മാൻ തന്നെയായിരുന്നു മത്സരത്തിലെ ഹീറോ.
കവാനിയില്ലാതെ ഇറങ്ങിയ ഉറുഗ്വൻ നിരയുടെ ആക്രമണങ്ങൾക്ക് നേതൃത്വം നല്കാൻ കഴിയാതെ സുവാരസ് നിറം മങ്ങിപ്പോയതാണ് ഉറുഗ്വായ്ക്ക് തിരിച്ചടിയായത്. ബ്രസീൽ / ബെൽജിയം മത്സരത്തിലെ വിജയികളെയാണ് ഫ്രാൻസ് സെമിയിൽ നേരിടുക.