ക്രോയേഷ്യ-ഫ്രാൻസ് ഫൈനൽ പോരാട്ടം; കണക്കുകൾ പറയുന്നത് ..!
ലോക ഫുട്ബോളിലെ പുതിയ രാജാക്കന്മാരെ കണ്ടെത്താനുള്ള കലാശപ്പോരാട്ടത്തിനായി മോസ്കോയിലെ ലുഷ്നിക്കി സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു..ലോകകപ്പ് ചരിത്രത്തിലാദ്യമായി കിരീടമുയർത്തുക എന്ന ലക്ഷ്യത്തോടെ ലുക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യയും രണ്ടാം കിരീടം ലക്ഷ്യമിട്ട് ഗ്രീസ്മാന്റെ ഫ്രാൻസുമാണ് അവസാന അങ്കത്തിനിറങ്ങുന്നത്. ഒരു വിജയത്തിനപ്പുറം വിശ്വ കിരീടം കാത്തിരിക്കെ ഫ്രാൻസും ക്രോയേഷ്യയും തമ്മിലുള്ള നേർക്കു നേർ പോരാട്ടങ്ങളിലെ കണക്കുകൾ പരിശോധിക്കാം.
അഞ്ചു തവണയാണ് ഇതിന് മുൻപ് ഫ്രാൻസും ക്രൊയേഷ്യയും ഏറ്റുമുട്ടിയിട്ടുള്ളത്..മൂന്നു വിജയവും രണ്ടു സമനിലകളുമായി നേർക്കുനേർ പോരാട്ടങ്ങളായിൽ ഫ്രാൻസിനാണ് ശക്തമായ ആധിപത്യം.പരസ്പരം ഏറ്റുമുട്ടിയ അഞ്ചു കളികളിൽ ഒന്നിൽ പോലും ഫ്രാൻസിനെ വീഴ്ത്താൻ കഴിഞ്ഞിട്ടില്ലെന്ന ചരിത്രം തിരുത്തി വേണം ഇന്ന് ക്രോയേഷ്യക്ക് വിജയം നേടാൻ.മറുവശത്ത് ക്രൊയേഷ്യക്കെതിരെയുള്ള വിജയ ചരിത്രം തുടരാനും രണ്ടാം കിരീടം നേടാനും ലക്ഷ്യമിട്ടാണ് ഗ്രീസ്മാന്റെ ഫ്രഞ്ച് പട ഇറങ്ങുന്നത്..1998 ലോകകപ്പിലെ സെമിഫൈനലിലാണ് ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ലിലിയൻ തുറാമിന്റെ ഇരട്ട ഗോളുകളുടെ മികവിൽ 2-1 നാണ് ഫ്രാൻസ് ക്രൊയേഷ്യയെ കീഴടക്കിയത്.
1998 ൽ ഫ്രാൻസിൽ നടന്ന ലോകകപ്പിൽ മൂന്നാം സ്ഥാനം നേടിയതാണ് ലോകകപ്പിലെ ക്രോയേഷ്യയുടെ ഏറ്റവും മികച്ച പ്രകടനം. സെമിയിൽ ഫ്രാൻസിനോട് പരാജയപ്പെട്ട സുകറുടെ ക്രോയേഷ്യ ലൂസേഴ്‌സ് ഫൈനലിൽ നെതർലാൻഡിനെ കീഴടക്കിയാണ് മൂന്നാം സ്ഥാനം നേടിയത്..
ചരിത്രത്തിലാദ്യമായി ഫൈനൽ പ്രവേശനം നേടിയതോടെ ലോകകപ്പ് ഫൈനൽ കളിക്കുന്ന 13ാം ടീമായി ക്രോയേഷ്യ മാറി.മറുഭാഗത്ത് മൂന്നോ അതിലധികമോ ഫൈനലുകൾ കളിച്ച വമ്പന്മാരുടെ പട്ടികയിൽ ഫ്രാൻസും ഇടം നേടി.ജർമ്മനി(8) ബ്രസിൽ, ഇറ്റലി(6) ,അർജന്റീന(5), നെതർലൻഡ്സ്(3) എന്നീ ടീമുകളാണ് മൂന്നോ അതിലധികമോ തവണ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിനിറങ്ങിയ മറ്റു ടീമുകൾ.റഷ്യയിലെ ഫൈനലിന് പുറമെ 1998,2006 ഫൈനലുകളാണ് ഫ്രാൻസ് കളിച്ചത്.