ഫ്രാൻസോ ഉറുഗ്വായോ?:ക്വാർട്ടർ പോരാട്ടങ്ങൾക്ക് നാളെ തുടക്കം
ലോകകിരീടമെന്ന ലക്ഷ്യവുമായി റഷ്യയിലെത്തിയ 32 ടീമുകളിൽ 24 പേർ പുറത്തുപോയിരിക്കുന്നു. പിഴവില്ലാതെ പൊരുതുന്നതിൽ മിടുക്കു കാണിച്ച എട്ടുപേർ വിശ്വവിജയത്തിനായുള്ള പോർവേദിയിൽ അങ്കത്തിനിറങ്ങാനൊരുങ്ങുകയാണ് ..
ക്വാർട്ടറിലെ ആദ്യ പോരാട്ടത്തിൽ ലാറ്റിനമേരിക്കൻ കരുത്തരായ ഉറുഗ്വായ് യൂറോകപ്പ് റണ്ണേഴ്സ് അപ്പുകളായ ഫ്രാൻസിനെയാണ് നേരിടുന്നത് .. ലോകഫുട്ബോളിലെ ഭാവി താരമെന്ന് വാഴ്ത്തപ്പെടുന്ന എംബാപ്പയും. പോഗ്ബയും,ഗ്രീസ്മാനും ജിറൗഡും,ഡെംബെലയുമടങ്ങുന്ന മുന്നേറ്റ നിര ലോകകപ്പിലെ തന്നെ ഏറ്റവും വിനാശകാരിയായ ആക്രമണ യൂണിറ്റാണ്.
അർജന്റീനയെ തകർത്തെറിഞ്ഞതിന്റെ ആവേശത്തിലെത്തുന്ന ഫ്രാൻസിനെ പിടിച്ചുകെട്ടാൻ ഗോഡിനും ജിമിനെസുമടങ്ങുന്ന ഉറുഗ്വൻ പ്രതിരോധ നിര നന്നായി വിയർക്കേണ്ടിവരുമെന്നുറപ്പാണ്..മിന്നുന്ന ഫോമിൽ കളിക്കുന്ന കവാനി-സുവാരസ് സഖ്യത്തിലാണ് ഉറുഗ്വായുടെ പ്രതീക്ഷ.എന്നാൽ ലിഗ്മെന്റിനേറ്റ പരിക്കിൽ നിന്നും പൂർണമായും മുക്തനാവാത്ത കവാനി ഫ്രാൻസിനെതിരെ ആദ്യ പതിനൊന്നിൽ ഇടം പിടിക്കുമെന്നുറപ്പില്ല. കവാനിയിലാത്ത മുന്നേറ്റ നിരയ്ക്ക് ഫ്രാൻസിനെതിരെ എത്രകണ്ട് ശോഭിക്കനാകുമെന്നതിനെ ആശ്രയിച്ചാകും ക്വാർട്ടർ പോരാട്ടത്തിന്റെ അന്തിമ വിധി.
ഇതിന് മുൻപ് ഏഴു തവണയാണ് ഫ്രാൻസും ഉറുഗ്വായും പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളത്. നാലു തവണയും മത്സരങ്ങൾ സമനിലയിൽ അവസാനിച്ചപ്പോൾ രണ്ടു വിജയങ്ങൾ നേടിയ ഉറുഗ്വായ്ക്കാണ് കണക്കുകളിൽ നേരിയ മുൻതൂക്കം. ഒരു മത്സരം മാത്രമാണ് ഫ്രാൻസിന് വിജയിക്കാനായത്. ചരിത്രത്തിനും കണക്കിനുമെല്ലാമപ്പുറം, അവസാന നാലിലേക്കുള്ള പോരാട്ടത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്കായിരിക്കും നിസ്നി നോവ്ഗൊറോഡിൽ അന്തിമ വിജയം.. നാളെ രാത്രി 7.30 നാണ് പോരാട്ടം