കോച്ചിന്റെ വാർത്താസമ്മേളനവും ആഘോഷമാക്കി ഫ്രഞ്ച് താരങ്ങൾ: വീഡിയോ കാണാം
ലുഷ്നിക്കി സ്റ്റേഡിയത്തിൽ ക്രൊയേഷ്യക്കെതിരായ കലാശപ്പോരാട്ടത്തിന്റെ അവസാന വിസിൽ മുഴങ്ങിയപ്പോൾ ലോകം കീഴടക്കിയ ആഹ്ളാദത്തോടെയാണ് ഫ്രഞ്ച് താരങ്ങൾ വിശ്വ വിജയം ആഘോഷിച്ചു തുടങ്ങിയത്.20 വർഷങ്ങൾക്ക് ശേഷം ലോക ഫുട്ബാളിൽ വീണ്ടും ഫ്രഞ്ച് വിപ്ലവം പൊട്ടിപ്പുറപ്പെട്ടപ്പോൾ അനുഗ്രഹാശിസ്സുകളുമായി നിറഞ്ഞു പെയ്ത മഴയിലാണ് റഷ്യൻ ലോകകപ്പിലെ പുരസ്കാര ദാന ചടങ്ങുകൾ നടന്നതും.
എന്നാൽ ഫ്രഞ്ച് താരങ്ങളുടെ ആഘോഷങ്ങൾ അവിടം കൊണ്ടും അവസാനിച്ചില്ല..മത്സര ശേഷം ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംസിന്റെ മാധ്യമ സമ്മേളനത്തിനിടയിലേക്കും ഇരച്ചുകയറിയാണ് ഫ്രഞ്ച് താരങ്ങൾ ലോകകപ്പ് വിജയം ആഘോഷമാക്കിയത്. ദെഷാംസിന്റെ വാക്കുകൾക്കായി കാത്തിരിക്കുന്ന മാധ്യമപ്രവർത്തകരെയും പരിശീലകനെയും ഷാംപെയിനിൽ കുളിപ്പിച്ച ഗ്രീസ്മാനും താരങ്ങളും മനോഹരമായ നൃത്തചുവടുകളും പുറത്തെടുത്തു.
1998ൽ ദെഷാംസിന്റെ നേതൃത്വത്തിലാണ് ഫ്രഞ്ച് പട ഇതിന് മുൻപ് ലോക കിരീടം നേടിയത്.ഇരുപത് വർഷങ്ങൾക്കിപ്പുറം പരിശീലകന്റെ വേഷത്തിലും കിരീട നേട്ടം അവർത്തിച്ചതോടെ ഇതിഹാസ താരങ്ങളുടെ നിരയിലേക്ക് ഉയർന്നിരിക്കുകയാണ് ദെഷാംസ്. ജർമ്മനിയുടെ ബേക്കൺ ബോവറും ബ്രസീലിന്റെ മാരിയോ സഗല്ലോയുമാണ് നായകനായും പരിശീലകനായും ലോക കിരീടം നേടിയിട്ടുള്ള മറ്റു രണ്ടു ഇതിഹാസങ്ങൾ.