സ്വർണ്ണപ്പന്തിലെ കണ്ണീർ തുള്ളികൾ..!

July 17, 2018

കാൽപ്പന്തു കളിയുടെ വിശ്വവേദിയിലെ ഏറ്റവും മികച്ച താരത്തിന് അവകാശപ്പെട്ട വിശിഷ്ട സമ്മാനമാണ് ഗോൾഡൻ ബോൾ..ഏതൊരു കളിക്കാരനും സ്വപ്നം കാണുന്ന അമൂല്യ നേട്ടം..1982 ലെ സ്പാനിഷ് ലോകകപ്പ് മുതലാണ് ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനായി സ്വർണ്ണപ്പന്ത് നല്കിത്തുടങ്ങിയത്.എന്നാൽ കഴിഞ്ഞ 20 വർഷത്തെ സ്വര്ണപ്പന്തിന്റെ ചരിത്രം പരിശോധിച്ചാൽ ബോധ്യമാകുന്ന ഒരു സവിശേഷ യാഥാർഥ്യമുണ്ട്.. ഏതൊരു ഫുട്ബാൾ താരവും സ്വപ്ന നേട്ടമായി വിലയിരുത്തപ്പെടുന്ന ഗോൾഡൻ ബോൾ സ്വന്തമാക്കിയ താരങ്ങളെല്ലാം നിറകണ്ണുകളോടെയാണ് തങ്ങളുടെ സ്വർണ നേട്ടം കൈനീട്ടി വാങ്ങിയിട്ടുള്ളതെന്ന നിരാശയിലാണ്ട വസ്തുത.

കഴിഞ്ഞ അഞ്ചു ലോകകപ്പുകളിലും  ഗോളടിച്ചും അടിപ്പിച്ചും മൈതാനം നിറഞ്ഞു കളിച്ചുകൊണ്ട് സ്വർണ്ണപ്പന്ത് സ്വന്തമാക്കിയ താരങ്ങൾക്കൊന്നും ലോക കിരീടത്തിൽ മുത്തമിടാൻ കഴിഞ്ഞിട്ടില്ല…അഥവാ കലാശപ്പോരിൽ വിശ്വവിജയം നഷ്ടപ്പെട്ടതിന്റെ വേദനയുമായാണ്  ഓരോ താരവും ഗോൾഡൻ ബോൾ ഏറ്റുവാങ്ങിയത്.

ഏറ്റവും മികച്ചവനെന്ന് വാഴ്ത്തപ്പെട്ടപ്പോഴും  സ്വന്തം ടീമിനെ ലോകത്തിന്റെ നെറുകയിലെത്തിക്കാൻ കഴിയാതെ പോയതിന്റെ നിസ്സഹായത നിറഞ്ഞ കണ്ണീർതുള്ളികളാൽ നനഞ്ഞു കുതിർന്നതിന്റെ കഥയാണ് കഴിഞ്ഞ 20 വർഷമായി ഓരോ സ്വർണ്ണപ്പന്തും പറഞ്ഞുകൊണ്ടിരിക്കുന്നത്.

വെറും 43 ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള, ലോകകപ്പിന്റെ പോരാട്ട വേദിയിൽ തലയെടുപ്പിന്റെ വലിയ വിജയ ചരിത്രമൊന്നും അവകാശപ്പെടാനില്ലാത്ത  ഒരു തെക്കു കിഴക്കൻ യൂറോപ്പ്യൻ രാജ്യം മാത്രമായിരുന്നു ക്രോയേഷ്യ.എന്നാൽ പകരം വെക്കാൻ കഴിയാത്ത ആത്മവീര്യത്തോടെ, തളരാത്ത പോരാട്ടവീര്യവുമായി ലുക്കാ മോഡ്രിച്ചും സംഘവും  അവിശ്വസനീയ കുതിപ്പ് നടത്തിയതോടെ കാല്പന്തുകളിയിലെ ക്രൊയേഷ്യൻ ചരിത്രം തന്നെ തിരുത്തിയെഴുതപ്പെട്ടു.

റഷ്യൻ ലോകകപ്പിലെ കലാശപ്പോരിൽ ഫ്രാൻസിനെ നേരിടുന്നതിനും  മുൻപ് തന്നെ ഫുട്ബാൾ പ്രേമികളുടെ മനസ്സിൽ ക്രോയേഷ്യ വിശ്വ വിജയം നേടിക്കഴിഞ്ഞിരുന്നു..എന്നാൽ ലുഷ്നിക്കിയിലെ അവസാന പോരാട്ടത്തിൽ ഫ്രാൻസിനോട് പൊരുതി തോറ്റതോടെ ലോക കിരീടമെന്ന ക്രൊയേഷ്യൻ സ്വപ്നം തകർക്കപ്പെട്ടു..ആദ്യ ലോകകപ്പ് ഫൈനലിൽ കാലിടറി വീണു പോയതിന്റെ നൊമ്പരവുമായി ക്രൊയേഷ്യൻ താരങ്ങൾ വിതുമ്പി നിൽക്കെ ലുഷ്നിക്കിയിലെ പുരസ്‌കാര ദാന ചടങ്ങിൽ അവരുടെ നായകൻ ലുക്കാ മോഡ്രിച്ചിന്റെ പേര് ഉറക്കെ മുഴങ്ങി..റഷ്യൻ ലോകകപ്പിലെ ഏറ്റവും മികച്ച താരമെന്ന ഖ്യാതിയോടെ…! കളിച്ചും കളിപ്പിച്ചും ക്രൊയേഷ്യയെ മുന്നിൽ നിന്നു നയിച്ച നായകൻ ലുക്കാ മോഡ്രിച്ച് എന്ന LM 10  പക്ഷെ കണ്ണീരണിഞ്ഞുകൊണ്ടാണ്  ഗോൾഡൻ ബോൾ ഏറ്റുവാങ്ങിയത്.ഏറ്റവും മികച്ചവനായതിന്റെ  ആനന്ദാശ്രുവായിരുന്നില്ല.മറിച്ച് ഒരു കൈയ്യകലെ തനിക്കും തന്റെ രാജ്യത്തിനും നഷ്‌ടമായ വിശ്വകിരീടത്തെയോർത്തായിരുന്നു ആ കണ്ണീർ..

നാലു വർഷങ്ങൾക്ക് മുൻപ് ബ്രസീൽ ലോകകപ്പിൽ മറ്റൊരു ഇതിഹാസ താരവും തല കുനിച്ചുകൊണ്ടാണ് ഏറ്റവും മികച്ചവന്റെ പുരസ്‍കാരം ഏറ്റുവാങ്ങിയത്..അദ്ദേഹത്തെയും ലോകം LM 10 എന്ന് തന്നെയാണ് ചുരുക്കി വിളിച്ചത്..അർജന്റീനയുടെ 10ാം നമ്പറുകാരൻ..അവരുടെ മിശിഹാ..സാക്ഷാൽ ലയണൽ മെസ്സി. മാരക്കാനയിലെ കലാശപ്പോരിൽ ജർമനിക്ക് മുൻപിൽ ലോക കിരീടം അടിയറവു പറയേണ്ടി വന്നതിന്റെ മുഴുവൻ നഷ്ടബോധവും പേറിയാണ് 2014 ൽ ലയണൽ മെസ്സി ഗോൾഡൻ ബോൾ ഏറ്റുവാങ്ങിയത്.മുന്നിൽ നിന്ന് നയിച്ചിട്ടും ഒറ്റയ്ക്ക് തോളിലേറ്റിയിട്ടും അവസാന അങ്കത്തിൽ കാലിടറിപ്പോയവന്റെ നൊമ്പരം ആ മുഖത്ത് വ്യക്തമായി കാണാമായിരുന്നു.  ജർമനിയെ കാത്തിരിക്കുന്ന ലോക കിരീടത്തെ നിരാശയോടെ നോക്കികൊണ്ട് രണ്ടാമനുള്ള മെഡലണിയാൻ പോകുന്ന ലയണൽ മെസ്സിയെന്ന ഇതിഹാസത്തിന്റെ മുഖം ഏത് ഫുട്ബാൾ പ്രേമിയെയും അത്രമേൽ സങ്കടപ്പെടുത്തും.

പിന്നെയും നാലു വർഷം പിറകോട്ടു പോയാൽ 2010 ലെ സൗത്ത് ആഫ്രിക്കൻ ലോകകപ്പിലെത്തും..ഇവിടെയും കഥ മറ്റൊന്നായിരുന്നില്ല…പക്ഷെ നായകൻ മാറിയെന്നു മാത്രം. പ്രായത്തെ വെല്ലുന്ന കളി മികവുമായി ഉറുഗ്വായ്ക്കായി പട നയിച്ച ഡീഗോ ഫോർലാൻ ഏറ്റവും മികച്ചവനായി തിരഞ്ഞെടുക്കപ്പെട്ടു. പക്ഷെ ഫോർലാന്റെ ഒറ്റയാൾ പോരാട്ടത്തിന് ഉറുഗ്വായെ കിരീടത്തിലെത്തിക്കാൻ കഴിഞ്ഞില്ല.സെമിയിൽ  നെതർലണ്ടിന്റെ ആൾറൗണ്ട് മികവിന് മുന്നിൽ ഉറുഗ്വായ് പൊരുതി വീണു..

2006 ലെ ജർമ്മൻ ലോകകപ്പിൽ ഇറ്റലിയും ഫ്രാൻസുമാണ് കലാശപ്പോരിൽ ഏറ്റുമുട്ടിയത്. മറ്റെരാസിയെ തലകൊണ്ടിടിച്ചിട്ടതിന് റെഡ് കാർഡുമായി കളിക്കളം വിട്ട സിനദിൻ സിദാന്റെ ഫ്രാൻസ് ഇറ്റലിക്ക് മുൻപിൽ കീഴടങ്ങി.  ഒടുവിൽ കിരീടം നഷ്ട്ടപ്പെട്ടവന്റെ വേദനയുമായി ഏറ്റവും മികച്ചവന്റെ പുരസ്‌കാരം നേടാനായിരുന്നു സിദാന്റെ വിധി.

2002  ലെ സൗത്ത് കൊറിയൻ ലോകകപ്പിൽ ജർമനിയെ ഫൈനലിലെത്തിച്ച ഒലിവർ ഖാന്റെ മാന്ത്രിക കരങ്ങൾക്ക് പക്ഷെ ഫൈനലിൽ ബ്രസീലിനെ തടയാനായില്ല…ജർമനി രണ്ടാമതായിപ്പോയതിന്റെ ദുഖവും പേറിയാണ് ഏറ്റവും മികച്ചവനുള്ള ഗോൾഡൻ ബോൾ  ഒലിവർ ഖാൻ ഏറ്റു വാങ്ങിയത്.

‘ഏറ്റവും മികച്ചവന്റെ’ പരാജയ പരമ്പരക്ക് തുടക്കം കുറിക്കപ്പെട്ട 1998 ലെ ഫ്രഞ്ച് ലോകകപ്പിൽ ബ്രസീലിന്റെ സൂപ്പർ താരം റൊണാൾഡോയാണ് ഗോൾഡൻ ബോൾ നേടിയത്.സ്വന്തം കാണികൾക്ക് മുൻപിൽ വർധിത വീര്യത്തോടെ പോരാടിയ ഫ്രാൻസിന് മുൻപിലാണ് കാനറികൾ മുട്ടുകുത്തിയത്.  ചരിത്രം തോറ്റവരുടേതു കൂടിയാണെന്ന് വിളിച്ചുപറയുകയാണ് ഈ ഓരോ ഇതിഹാസ താരങ്ങളും..വിശ്വ വിജയങ്ങളുടെ കിരീട നേട്ടങ്ങളാൽ  അവർ അലങ്കരിക്കപ്പെട്ടാലും ഇല്ലെങ്കിലും  ഫുട്ബാൾ ഉള്ളിടത്തോളം കാലം ഈ പേരുകളും  വാഴ്ത്തപ്പെടുക തന്നെ ചെയ്യും.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!