സ്വർണ്ണ നേട്ടവുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ ഹിമാ ദാസ്..!
ഫിൻലാൻഡിൽ നടക്കുന്ന അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ മത്സരത്തിൽ ഹിമാ ദാസ് എന്ന 18 വയസ്സുകാരി മത്സരിക്കുന്ന വിവരം അധികമാരും അറിഞ്ഞിട്ടുണ്ടായിരുന്നില്ല.. 18 മാസങ്ങൾക്കു മുൻപ് മാത്രം ട്രാക്കിലിറങ്ങിയ ഈ അസം സ്വദേശിക്കു മുകളിൽ വലിയ പ്രതീക്ഷകളുടെ ആർഭാടങ്ങളുമുണ്ടായിരുന്നില്ല. പക്ഷെ ഒന്നും നഷ്ടപ്പെടാനില്ലാത്തവന്റെ പോരാട്ടവീര്യവുമായി ഹിമാ ദാസ് ഓടിക്കയറിയത് ചരിത്രത്തിലേക്കായിരുന്നു. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ ആദ്യ സ്വർണ്ണമെഡലിലേക്കായിരുന്നു..!
51.46 സെക്കൻഡിൽ 400 മീറ്റർ പൂർത്തിയാക്കിയാണ് ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ട്രാക്കിലെ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി ഹിമ മാറിയത്.52.07 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത റൊമാനിയന്‍ താരം ആന്‍ഡ്രിയ മിക്ലോസ് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 52.28 സെക്കന്‍ഡില്‍ മത്സരം പൂർത്തിയാക്കിയ അമേരിക്കയുടെ ടെയ്‌ലര്‍ മാന്‍സര്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി തുടക്കത്തിൽ പിന്നിലായിപ്പോയ ഹിമ അവസാന 80 മീറ്ററുകളിൽ അവിശ്വസനീയ കുതിപ്പ് നടത്തിയാണ് ചരിത്രം രചിച്ചത്.
അണ്ടർ 20 ചാംപ്യൻഷിപ്പിൽ സ്വർണ്ണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് ഹിമ. 2016 ൽ ൽ നടന്ന അണ്ടർ 20 ചാമ്പ്യന്ഷിപ്പിൽ ജാവലിൻ ത്രോയിൽ സ്വർണ്ണം കരസ്ഥമാക്കിയ നീരജ് ചോപ്രയാണ് ഇതിന് മുൻപ് ഇതേ നേട്ടം കൈവരിച്ചിട്ടുള്ളത്