ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തി കുൽദീപിന്റെ മാന്ത്രിക സ്പിൻ; വീഡിയോ കാണാം
ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലെ മിന്നുന്ന ഫോം ഏകദിന പരമ്പരയിലും ആവർത്തിച്ച് കുൽദീപ് യാദവ്..ഇന്നലെ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രഫോർഡിൽ നടന്ന ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിന്റെ ആറു വിക്കറ്റുകൾ പിഴുതാണ് 23 കാരനായ കുൽദീപ് ഇന്ത്യയുടെ ഹീറോയായി മാറിയത്..
ആദ്യ വിക്കറ്റിൽ 73 റൺസിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കി വലിയ സ്കോറിലേക്ക് കുത്തിക്കുകയായിരുന്ന ഇംഗ്ലണ്ടിന്റെ ഓപ്പണർ ജേസൺ റോയിയെ പുറത്താക്കിയാണ് കുൽദീപ് തന്റെ വിക്കറ്റു വേട്ട തുടങ്ങിയത്..ഇന്ത്യൻ ടീം കാത്തിരുന്ന ബ്രേക്ക്ത്രൂ നൽകിയ കുൽദീപ് പിന്നീട് ഞൊടിയിടയിൽ മറ്റൊരു ഓപ്പണർ ബെയർസ്റ്റോയെയും റൂട്ടിനെയും മടക്കിയതോടെ ഇംഗ്ലണ്ട് 3 ന് 82 എന്ന നിലയിലേക്ക് വീണു. നായകൻ മോർഗനെ പുറത്താക്കിക്കൊണ്ട് ചാഹലും വിക്കറ്റ് വേട്ടയിൽ പങ്കുചേർന്നതോടെ 4 ന് 105 എന്ന നിലയിലായി ഇംഗ്ലീഷ് പട .
അർദ്ധ ശകങ്ങളുമായി ഇംഗ്ലണ്ടിനെ തകർച്ചയിൽ നിന്നും കരകയറ്റിയ സ്റ്റോക്സിനെയും ബട്ട്ലറെയും പുറത്താക്കിയ കുൽദീപ് തന്റെ അവസാന ഓവറിൽ വില്ലിയേയും തിരിച്ചയച്ചുകൊണ്ടാണ് ആറു വിക്കറ്റുകൾ സ്വന്തമാക്കിയത്. കുൽദീപിനു മുൻപിൽ പതറിപ്പോയ ഇംഗ്ലണ്ട് ഒടുവിൽ ഒരു പന്ത് ബാക്കി നിൽക്കെ 268 റൺസിന് ഓൾഔട്ടാകുകയായിരുന്നു. 10 ഓവറിൽ വെറും 25 റൺസ് വഴങ്ങിയാണ് കുൽദീപ് ആറു വിക്കറ്റുകൾ നേടിയത്.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ ഓപ്പണർമാരും നായകൻ വിരാട് കോഹ്‌ലിയും അനായാസമായി റൺസ് കണ്ടെത്തിയതോടെ വെറും 2 വിക്കറ്റ് നഷ്ടത്തിൽ 41ാം ഓവറിൽ ഇന്ത്യ വിജയലക്ഷ്യം മറികടന്നു.137 റൺസുമായി പുറത്താകാതെ നിന്ന ഓപ്പണിംഗ് ബാറ്റ്സ്മാൻ രോഹിത് ശർമയുടെയും 75 റൺസെടുത്ത് പുറത്തായ നായകൻ വിരാട് കൊഹ്ലിയുടെയും മികവിലാണ് ഇന്ത്യ അനായാസ വിജയം നേടിയത്.40 റൺസെടുത്ത ധവാനാണ് പുറത്തായ മറ്റൊരു ബാറ്റ്സ്മാൻ.9 റൺസുമായി കെഎൽ രാഹുൽ പുറത്താകാതെ നിന്നു.മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0 ന് ഇന്ത്യ മുന്നിലെത്തി.
പരമ്പരയിലെ രണ്ടാം ഏകദിനം ശനിയാഴ്ച നടക്കും