കുതിപ്പ് തുടരാൻ ഇന്ത്യ. തിരിച്ചടിക്കാൻ ഇംഗ്ലണ്ട്; രണ്ടാം ഏകദിനം ഇന്ന്

July 14, 2018

ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ രണ്ടാം ഏകദിനം ഇന്ന്. ക്രിക്കറ്റിന്റെ ‘മെക്ക’യായ ലോർഡിസിലാണ് വിരാട്  കോഹ്ലിയുടെ ഇന്ത്യയും ഇയാൻ മോർഗന്റെ ഇംഗ്ലണ്ടും രണ്ടാം അങ്കത്തിനിറങ്ങുന്നത്..ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെ അനായാസമായി കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇറങ്ങുന്നത്..

അതേ സമയം മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം അങ്കം വിജയിച്ച് പരമ്പരയിൽ ഒപ്പമെത്തുക എന്നതാണ് ഇംഗ്ലണ്ടിന് മുന്നിലുള്ള ലക്ഷ്യം..ആദ്യ ഏകദിനത്തിൽ മികച്ച തുടക്കം നേടിയിട്ടും കുൽദീപിന്റെ  കൈക്കുഴ സ്പിന്നിന് മുൻപിൽ പതറിപ്പോയ ഇംഗ്ലീഷ് ബാറ്റിംഗ് നിര രണ്ടാം മത്സരത്തിൽ എങ്ങനെ ബാറ്റേന്തുമെന്നതിനെ ആശ്രയിച്ചാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ.

മിന്നുന്ന ഫോമിലുള്ള കുൽദീപിനൊപ്പം ചാഹലും കൂടി ചേരുന്നതോടെ ഇന്ത്യയുടെ സ്പിൻ കരുത്ത് പൂർണമാകുന്നു.ഇംഗ്ലണ്ടിലെ അപ്രതീക്ഷിതമായ കടുത്ത ചൂടും വരണ്ട കാലാവസ്ഥയും ഇന്ത്യൻ സ്പിന്നർമാർക്ക് ഏറെ സഹായം നൽകുന്നുണ്ട്.

വിരാട് കോഹ്‌ലിയും രോഹിത് ശർമയും നയിക്കുന്ന ബാറ്റിംഗ് നിരയ്ക്ക് വെല്ലുവിളിയുയർത്താൻ കഴിയാതെ പോകുന്ന ബൗളിംഗ് നിരയും ഇംഗ്ലണ്ടിന് തലവേദയാണ് . മറുവശത്ത് ഇന്ത്യൻ ക്യാമ്പ് തികഞ്ഞ പ്രതീക്ഷയിലാണ്.  രണ്ടാം ഏകദിനവും വിജയിച്ച്  ടി-20 പരമ്പരയ്ക്ക് പുറമെ  ഏകദിന പരമ്പരയും സ്വന്തമാക്കുകയെന്നതാണ് വിരാട് കോഹ്‌ലിയുടെയും കൂട്ടരുടെയും ലക്ഷ്യം.