ആശുപത്രിയിൽ പാട്ടുകൾ പാടി ഇർഫാൻ ഖാൻ; പ്രാർത്ഥനയോടെ ആരാധകർ

ലഞ്ച് ബോക്സ്, ദി സോങ്സ് ഓഫ് സ്കോർപിയൻസ്, തൽവാർ തുടങ്ങി മികച്ച സിനിമകളിലൂടെ ലോക സിനിമയെത്തന്നെ ഞെട്ടിച്ച ബോളിവുഡ് താരം ഇർഫാൻ ഖാന്റെ അസുഖത്തെ വളരെ ഞെട്ടലോടെയാണ് ആരാധക ലോകം കേട്ടത്. എന്നാൽ ആരാധകർക്ക് കുറച്ച് ആശ്വാസം നൽകുന്ന വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രശസ്ത സിനിമ പ്രവർത്തകനും സംഗീത സംവിധായകനുമായ വിശാൽ ഭരദ്വാജ്.
കഴിഞ്ഞ ജൂണിലാണ് ന്യൂറോ എൻട്രോക്രൈൻ എന്ന അപൂർവ രോഗം ഇർഫാനെ ബാധിച്ചത്. താരം തന്നെയാണ് തനിക്ക് ബാധിച്ച രോഗത്തെക്കുറിച്ച് ആരാധകരെ അറിയിച്ചതും. പിന്നീട് ചികിത്സയുടെ ഭാഗമായി ഇർഫാൻ വിദേശത്തേക്ക് പോകുകയായിരുന്നു. എന്നാൽ ഇർഫാൻ ഖാന്റെ അസുഖത്തിന് ഇപ്പോൾ കുറവുണ്ടെന്നും അദ്ദേഹം പാട്ടുകൾ പാടി തനിക്ക് അയച്ചുതരാറുണ്ടെന്നും വിശാൽ അറിയിച്ചു. അദ്ദേഹത്തിന് എന്നും പ്രിയപ്പെട്ടത് താരാട്ടുപാട്ടുകളാണെന്നും ഇത്തരം പാട്ടുകളാണ് തനിക്ക് ഇപ്പോൾ പാടി അയക്കുന്നതെന്നും താരം പറഞ്ഞു.
ഇർഫാൻ ഖാൻ തിരിച്ചു വന്നാലുടൻ സപ്നാ ദീദിയുടെ ഷൂട്ടിങ് പുനരാരംഭിക്കുമെന്നും വിശാൽ വ്യക്തമാക്കി. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ചികിത്സയുടെ ഭാഗമായി താരം ലണ്ടനിലേക്ക് പോയത്. ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക. അപൂർവമായി കാണുന്ന ന്യൂറോ എൻഡോ ക്രൈൻ ട്യൂമറാണ് ഇർഫാന്റെ അസുഖം. അതേസമയം താരത്തിന്റെ തിരിച്ചുവരവിനായി ഏറെ പ്രാര്ഥനയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
അതേസമയം അസുഖത്തെ താൻ നേരിടുന്നുവെന്നും അതിൽ താൻ തളർന്നുപോകുകയില്ലെന്നും താരം നേരത്തെ സോഷ്യൽ മീഡിയിൽ കുറിച്ചിരുന്നു.‘ന്യൂറോ എൻട്രോക്രൈൻ ക്യാൻസറാണ് എന്നെ ബാധിച്ചിരിക്കുന്നതെന്ന് ഞാൻ തിരിച്ചറിഞ്ഞു, ആദ്യമായാണ് ഇത്തരം രോഗത്തെക്കുറിച്ച് ഞാൻ കേൾക്കുന്നത്. ഈ അസുഖത്തെക്കുറിച്ച് വളരെ കുറവ് കേസ് സ്റ്റഡീസ് മാത്രമാണ് നടന്നിട്ടുള്ളത്. വളരെ അപൂർവമായ രോഗമാണിത്. ചികിത്സയെക്കുറിച്ച് എന്തെങ്കിലും പ്രവചിക്കാൻ കഴിയുകയെന്നതും സാധ്യമല്ല’.’ഞാൻ ഇപ്പോൾ കടന്നുപോകുന്ന അവസ്ഥയിൽ ഇതിനെ നേരിടാതിരിക്കുകയെന്നതാണ് ഞാൻ എന്നിൽ നിന്നും പ്രതീക്ഷിക്കുന്ന കാര്യം, എനിക്ക് നിവർന്ന് നിൽക്കണം, ഭയം എന്നെ കീഴടക്കാൻ ഞാൻ അനുവദിക്കില്ല. അതെന്റെ തീരുമാനമാണ്’. എന്നും താരം സോഷ്യൽ മീഡിയിൽ നേരത്തെ കുറിച്ചിരുന്നു.