കൊഹ്ലിയെ സാക്ഷിയാക്കി റൂട്ടിന്റെ ബാറ്റ് ഡ്രോപ്പ്..! പകരം വീട്ടുമെന്ന് ഇന്ത്യൻ ആരാധകർ
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ഇംഗ്ലീഷ് വിജയത്തിൽ നിർണായ സ്വാധീനം ചെലുത്തിയ താരമാണ് ജോ റൂട്ട്. ഇംഗ്ലണ്ട് വിജയം നേടിയ രണ്ടാമത്തെയും മൂന്നാമത്തെയും ഏകദിനങ്ങളിൽ സെഞ്ചുറിയുമായി ആതിഥേയരെ മുന്നിൽ നിന്ന് നയിച്ചത് ജോ റൂട്ടായിരുന്നു. മൂന്നു മത്സരങ്ങളിൽ നിന്നായി 216 റൺസുമായി പരമ്പരയിലെ ടോപ് സ്കോററും ഈ 27 കാരൻ തന്നെയായിരുന്നു.
ഇന്ത്യക്ക് മുന്നിൽ 2-1 നു അടിയറവു പറഞ്ഞ ടി-20 സീരീസിൽ വെറും 9 റൺസുമായി നിറം മങ്ങിപ്പോയ റൂട്ട് ഏകദിന പരമ്പരയിൽ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ഏകദിന പരമ്പരയിലെ ജേതാക്കളെ നിർണയിച്ച മൂന്നാം ഏകദിനത്തിൽ റൂട്ടിന്റെ സെഞ്ചുറിയുടെയും മോർഗന്റെ അർദ്ധ ശതകത്തിന്റെയും കരുത്തിൽ എട്ടു വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ കീഴടക്കിയത്.മത്സര ശേഷം ഇന്ത്യൻ നായകൻ നോക്കി നിൽക്കെ തന്റെ ബാറ്റ് നിലത്തിട്ടുകൊണ്ടാണ് ജോ റൂട്ട് വിജയം ആഘോഷിച്ചത്.
ടെസ്റ്റ് പാരമ്പരയ്ക്കിറങ്ങുന്ന ഇന്ത്യൻ ബാറ്റിംഗ് നിരയുടെ നട്ടെല്ലായ കൊഹ്ലിക്കും സംഘത്തിനും നൽകിയ മുന്നറിയിപ്പാണ് ഈ ബാറ്റ് ഡ്രോപ്പെന്ന് അതോടെ അഭ്യുഹങ്ങൾ പരക്കുകയും ചെയ്തു .എന്നാൽ റൂട്ടിന്റെ പ്രവർത്തി വെറുമൊരു തമാശ മാത്രമായിരുന്നുവെന്നാണ് ഇംഗ്ലീഷ് നായകൻ ഇയാൻ മോർഗന്റെ വിലയിരുത്തൽ. മോശം ഫോമിൽ നിന്നും തിരിച്ചെത്തിയതിന്റെ സന്തോഷ സൂചകമായാണ് അത്തരമൊരു പ്രവർത്തി ചെയ്തതെന്നാണ് റൂട്ടിന്റെ നിലപാട്.
റൂട്ടിന്റെ ബാറ്റ് ഡ്രോപ്പിന് ടെസ്റ്റ് പരമ്പരയിലൂടെ ഇന്ത്യൻ നായകൻ മറുപടി പറയുമെന്ന വിശ്വാസത്തിലാണ് ഇന്ത്യൻ ആരാധകർ.191 റൺസുമായി ഏകദിന പരമ്പരയിലെ റൺ വെട്ടയിൽ രണ്ടാം സ്ഥാനത്തെത്തിയ കോഹ്ലി നിലവിൽ മികച്ച ഫോമിലാണ്. ആൾറൗണ്ട് മികവോടെ ഇംഗ്ലണ്ടിനെ കീഴടക്കി ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ ടീം. ഓഗസ്റ് 1 ന് എഡ്ജ്ബാസ്റ്റണിലാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നടക്കുക.
Joe Root bat drop #batdrop pic.twitter.com/jCGBSg4pog
— Dutch__Nick (@Dutch__Nick) 17 July 2018