യാത്രക്കാർക്ക് എസിയൊരുക്കി ‘ചിൽ’ ബസ് സർവ്വീസ് പദ്ധതിയുമായി കെഎസ്ആർടിസി..
നഷ്ട കണക്കുകൾ മാത്രം പറഞ്ഞുകൊണ്ടിരുന്ന കെ എസ് ആർ ടി സിക്ക് ഇപ്പോൾ പറയാനുള്ളത് ലാഭത്തിന്റെയും ആശ്വാസത്തിന്റെയും പുതിയ കഥകളാണ്. കുറഞ്ഞ ചിലവിൽ യാത്രക്കാർക്ക് എസി യാത്രയൊരുക്കി ചിൽ ബസ് സർവ്വീസിന് തുടക്കം കുറിച്ചിരിക്കുകയാണ് ഇപ്പോൾ കെ എസ് ആർ ടി സി. എറണാകുളം തിരുവനന്തപുരം റൂട്ടിലാണ് ചിൽ ബസ് സർവ്വീസ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. കെ യു ആർ ടി സി ലോ ഫ്ലോർ ബസുപയോഗിച്ചാണ് ഇപ്പോൾ ചിൽ ബസ് സർവീസ് നടത്തുന്നത്.
രാവിലെ ആറുമണിമുതൽ പത്തുമണി വരെയും രാത്രി പത്ത് മണി മുതൽ ഒരു മണിക്കൂർ ഇടവിട്ടുമാണ് ചിൽ ബസ് സർവീസ് നടത്തുന്നത്. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓടിത്തുടങ്ങിയ ചിൽ ബസ് സർവ്വീസ് ഓഗസ്റ്റ് ഒന്നിനാണ് ഉദ്ഘാടനം നടത്തുന്നത്. ഇപ്പോൾ എറണാകുളം തിരുവനന്തപുരം റൂട്ടിൽ മാത്രം ഓടുന്ന ബസ് മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും കെ എസ് ആർ ടി സി അധികൃതർ അറിയിച്ചു.
പരീക്ഷണാടിസ്ഥാനത്തിൽ ഓടിത്തുങ്ങിയ ബസിന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും, ഒറ്റ ദിവസം കൊണ്ട് നല്ല കളക്ഷനാണ് ചിൽ ബസ് സർവ്വീസ് നേടിയതെന്നും കെ എസ് ആർ ടി സി സോണൽ ഓഫീസർ വി എം താജുദ്ദീൻ സാഹിബ് അറിയിച്ചു. കണക്ടിങ് കേരള എന്ന ആശയത്തിൽ വിവിധ റൂട്ടുകളിലായി തിരുവനന്തപുരം മുതൽ കാസർകോട് വരെ എല്ലാ മണിക്കൂറിലും ബസ് സർവ്വീസ് നടത്താനാണ് കെ എസ് ആർ ടി സി ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ എസ ആർ ടി സി എം ഡി ടോമിൻ തച്ചങ്കരിയുടെ നിർദ്ദേശപ്രകാരം ബസ് സർവ്വീസ് എല്ലാ ഭാഗങ്ങളിലും എത്തിക്കുന്നതിന്റെ ഭാഗമായാണ് ചിൽ ബസ് സർവീസ് പദ്ധതി നടത്തുന്നത്.