വിശക്കുന്നവന്റെ മുന്നിൽ ബിരിയാണിയുമായി എത്തുന്ന ഒരു ‘നന്മ മനുഷ്യൻ’…വീഡിയോ കാണാം..

July 5, 2018

ഒരു നേരത്തെ ഭക്ഷണത്തിനായി കാത്തുനിൽക്കുന്നവർക്ക് ദൈവമാണയാൾ. വിശക്കുന്നവന്റെ മുന്നിലേക്ക് അഹമ്മദ് എത്തുന്നത് വെറും കൈയ്യോടെയല്ല  ഒരു വാൻ നിറയെ ബിരിയാണിയുമായാണ്. അജ്മാൻ കോർണിഷിനോട് ചേർന്നുള്ള നഖീൽ രണ്ടിലാണ് മനോഹരമായ ഇൗ കാഴ്ച കാണാനാവുന്നത്.

വർഷങ്ങളായി സ്വദേശി ബിസിനസുകാരൻ അഹമ്മദാണ് നിരാലംബർക്ക് ഉച്ചയ്ക്കു സൗജന്യമായി ബിരിയാണി നൽകുന്നത്. കൂടെ, ജ്യൂസും വെള്ളവും അയാൾ നൽകും. ഇവിടെയും മറ്റു നാലിടങ്ങളിലുമായി റസ്റ്റോറന്റ് നടത്തുന്ന അഹമ്മദ് തങ്ങളുടെ മുന്നിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പാവങ്ങളെ കണ്ടാണ് ഈ സൗജന്യ ഭക്ഷണ വിതരണം ആരംഭിച്ചത്.

ഏകദേശം 250 -ഓളം ആളുകൾക്കാണ് ദിവസവും അഹമ്മദ് സൗജന്യമായി ഭക്ഷണ വിതരണം നടത്തുന്നത്. ഉച്ചയ്ക്ക്  12 മണിയാകുമ്പോൾ തന്നെ വിവിധ സ്ഥലങ്ങളിൽ നിന്നായി കെട്ടിട നിർമാണ തൊഴിലാളികളും വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരും ഇവിടെയെത്തും. ഒന്നര ആകുമ്പോഴേക്കും ഇവിടെ വലിയൊരു ക്യൂ തന്നെയുണ്ടാകും. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപ്പേരാണ് ഇവിടെ ഭക്ഷണത്തിനായി എത്തുക. ഇതുപോലെ ദിവസേന മൂന്നിടങ്ങളിലാണ് അഹമ്മദ് ഭക്ഷണ വിതരണം നടത്തുന്നത്.

സൗജന്യ ഭക്ഷണ വിതരണം കേട്ടറിഞ്ഞു നിരവധിപ്പേർ ഇവിടെ വരാറുണ്ടെന്നും ഇവർക്കൊക്കെ ഭക്ഷണം നൽകുന്നത് സന്തോഷമുള്ള കാര്യമാണെന്ന് അഹമ്മദ് പറഞ്ഞു. അഹമ്മദിന്റെ ഈ നന്മ പ്രവൃത്തികണ്ട നിരവധിപ്പേർ ഇതിനോടകം തന്നെ അദ്ദേഹത്തിന് പ്രശംസയുമായി എത്തിയിരിക്കുകയാണ്.