വേഗം കൊണ്ട് എതിരാളികളെ തോൽപിച്ചു..സ്നേഹം കൊണ്ട് ലോകത്തെയും; എംബാപ്പയാണ് യഥാർത്ഥ താരം..!

July 18, 2018

ലോകകപ്പിലെ വാശിയേറിയ പോരാട്ടങ്ങളിൽ എതിരാളികളെ അമ്പരപ്പിക്കുന്ന വേഗവും പന്തടക്കവും കൊണ്ട് ഫുട്ബാൾ പ്രേമികളുടെ ഇഷ്ട താരമായി മാറിയ 19 കാരനാണ് ഫ്രാന്സിന്റെ കിലിയൻ എംബാപ്പ.. ഇതിഹാസ താരം സാക്ഷാൽ പെലെക്ക് ശേഷം ലോകകപ്പ് ഫൈനലിൽ ഗോൾ നേടുന്ന ആദ്യ കൗമാര താരമെന്ന അത്യപൂർവ റെക്കോർഡ് സ്വന്തം പേരിലെഴുതിയ എംബാപ്പയെ ലോകകപ്പിലെ ഏറ്റവും മികച്ച യുവ താരമായി തിരഞ്ഞെടുക്കാൻ ഫിഫയ്ക്ക്  രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

എന്നാൽ കളി മികവുകൊണ്ട് ആരാധകരെ സൃഷ്‌ടിച്ച എംബാപ്പയിപ്പോൾ തന്റെ മനസിലെ നന്മകൊണ്ടും കോടിക്കണക്കിന് മനസ്സുകൾ കീഴടക്കിയിരിക്കുകയാണ്. കരിയർ ആരംഭിച്ചതു മുതൽക്കേ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവ ഇടപെടലുകൾ നടത്തുന്ന എംബാപ്പെ ലോകകപ്പിലൂടെ തനിക്ക് ലഭിച്ച മുഴുവൻ തുകയും ഭിന്നശേഷിക്കാർക്കായി നൽകിക്കൊണ്ടാണ്  ലോകത്തിന് മാതൃകയായത്.

റഷ്യൻ ലോകകപ്പിൽ നിന്നായി 553,000 ഡോളറാണ്(3.79 കോടി രൂപ)  എംബാപ്പയുടെ  ആകെ വരുമാനം.ഓരോ മത്സരത്തിൽ നിന്നും ലഭിക്കുന്ന 29,000 ഡോളറും കിരീട ജേതാവിനുള്ള ബോണസും ചേർത്താണ് ഇത്രയും വലിയ തുക താരത്തിന് ലഭിക്കുന്നത്.

എന്നാൽ ലോകകപ്പിലെ മുഴുവൻ പ്രതിഫലത്തുകയും ഭിന്നശേഷികരായ കുട്ടി കായിക താരങ്ങളുടെ ഉന്നമനത്തിനായി സംഭാവന ചെയ്യാനാണ് എംബാപ്പയുടെ തീരുമാനം. പ്രിയേഴ്‌സ് ദെ കോര്‍ഡീസ് അസോസിയേഷന്‍ എന്ന ചാരിറ്റബിള്‍ സംഘടനയ്ക്കാണ് താരം ഈ തുക മൊത്തമായി  നൽകുന്നത്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി കായിക വിനോദങ്ങള്‍ സംഘടിപ്പിക്കുന്ന സംഘടനയാണ് പ്രിയേഴ്‌സ് ദെ കോര്‍ഡീസ്.