ലോകകപ്പിലെ അവസാന മത്സരങ്ങൾ കളിച്ചത് ഗുരുതര പരിക്കുകൾ മറച്ചുവെച്ച്; വെളിപ്പെടുത്തലുമായി എംബാപ്പെ
റഷ്യൻ ലോകകപ്പിലെ സെമി ഫൈനൽ, ഫൈനൽ പോരാട്ടങ്ങൾ കളിച്ചത് ഗുരുതര പരിക്കുകൾ വകവെയ്ക്കാതെയാണെന്ന വെളിപ്പെടുത്തലുമായി ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ.ഫ്രാൻസിലെ ഒരു പ്രമുഖ സ്പോർട്സ് മാഗസിന് നൽകിയ അഭിമുഖത്തിലാണ് താരം പരിക്കിനെക്കുറിച്ച് വെളിപ്പെടുത്തിയത്.
ലോകകപ്പിന്റെ സെമിഫൈനലിനു മൂന്നു ദിവസം മുൻപാണ് താരത്തിന്റെ നട്ടെല്ലിന് ഗുരുതരമായ പരിക്കേറ്റത്.വിദഗ്ദ്ധ പരിശോധനയിൽ നട്ടെല്ലിലെ മൂന്നു കശേരുക്കൾക്ക് സ്ഥാനഭ്രംശം സംഭവിച്ചതായും വ്യക്തമായി.എന്നാൽ പരിക്കിന്റെ വിശദംശങ്ങൾ പുറത്തുവിടാത്ത സെമി ഫൈനലും ഫൈനലും കളിയ്ക്കാൻ തീരുമാനിക്കുകയായിരുന്നു എംബാപ്പെ.
“പരിക്കിനെക്കുറിച്ച് എതിരാളികൾ അറിയാതിരിക്കനാണ് വിവരം മറച്ചു വെച്ചത്. പരിക്കുമായാണ് ഞാൻ കളിക്കുന്നതെന്നറിഞ്ഞാൽ അത് എതിരാളികൾക്ക് മേൽക്കൈ നൽകാൻ സാധ്യതയുണ്ടായിരുന്നു. പരിക്കേറ്റ ഭാഗത്തെ ലക്ഷ്യം വെച്ചുള്ള എതിരാളികളുടെ നീക്കങ്ങൾ ഇല്ലാതിരിക്കാനാണ് വിവരം മറച്ചുവെച്ചത്”-എംബാപ്പെ പറഞ്ഞു.
ലോകകപ്പ് ഫൈനലിലെ ഗോളുൾപ്പടെ നാലു ഗോളുകൾ സ്വന്തം പേരിലെഴുതിയ കിലിയൻ എംബാപ്പയാണ് റഷ്യൻ ലോകകപ്പിലെ ഏറ്റവും മികച്ച യുവ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.