പഠിച്ചും പഠിപ്പിച്ചും ഈ ചെറുപ്പക്കാരൻ സ്വന്തമാക്കിയത് വീടെന്ന സ്വപ്നം..

July 10, 2018

ആലപ്പുഴക്കാരൻ അനന്തുവെന്ന ചെറുപ്പക്കാരൻ രണ്ടുവർഷം കൊണ്ട് സ്വന്തമായി പ്ലാൻ വരച്ച് , കാശുണ്ടാക്കി പണികഴിപ്പിച്ച   വീടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. രണ്ട് വർഷം മുമ്പ് എംബിബിഎസിന് ചേരാൻ ചോർന്നൊലിക്കുന്ന ഒറ്റമുറി വീട്ടിൽ നിന്ന് അനന്തു പോയപ്പോൾ തികഞ്ഞ നിശ്ചയദാർഢ്യവും എന്തും നേരിടാനുള്ള മനസും മാത്രമേ സ്വന്തമായുണ്ടായിരുന്നുള്ളു. എന്നാൽ രണ്ടു വർഷത്തിന് ശേഷം അനന്തു ഉണ്ടാക്കിയത് ഭംഗിയുള്ളൊരു രണ്ടു നില വീടാണ്. രണ്ടു വർഷം ഉറക്കമില്ലാതെ പഠിപ്പിച്ചും പഠിച്ചും അനന്തു സ്വന്തമാക്കിയത് 26 ലക്ഷം രൂപയുടെ വീടാണ്.

മെഡിക്കൽ എൻട്രൻസിൽ 91- ആം റാങ്കോടെ പാസായ അനന്തു രാവിലെയും രാത്രിയിലുമായി ഏകദേശം 6 മണിക്കൂറാണ് ക്ലാസ്സെടുക്കുന്നത്. അവധി ദിവസങ്ങളിൽ ഇത് 12 മണിക്കൂറുവരെ നീണ്ടു നിൽക്കും.  പഠിക്കാനും പഠിപ്പിക്കാനും മിടുക്കനായ അനന്തുവിന് രോഗിയായ അച്ഛനെയും അമ്മയേയും നല്ലൊരു വീട്ടിൽ കിടത്തണമെന്ന് വലിയ ആഗ്രഹമായിരുന്നു. ഇപ്പോൾ ഈ സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് പൂർത്തിയായിരിക്കുന്നത്.  സ്വന്തമായി അനന്തു പ്ലാൻ വരച്ച് നിർമ്മിച്ച വീട് പൂർത്തിയാക്കാൻ നിരവധി പേരാണ് അനന്തുവിന് സഹായ ഹസ്തവുമായി എത്തിയത്.

രണ്ടായിരം ചതുരശ്ര അടിയുള്ള വീട് ഇവിടെ ഉയരുന്നതിന് മുമ്പ് ഇവിടെ പണിയാനുദ്ദേശിച്ചത് ഒരു കൊച്ചു വീടാണ്. ചോർന്നൊലിക്കുന്ന പൊളിഞ്ഞുവീഴാറായ കൊച്ചു വീടിന്റെ അവസ്ഥയറിഞ്ഞ  ജനപ്രതിനിധികളാണ് പ്രധാന മാന്തി ആവാസ് യോജന പാദ്ധതിയിലൂടെ വീട് അനുവദിച്ചത്. എന്നാൽ അതിനുശേഷം എൻട്രൻസ് പരിശീലനത്തിലൂടെ പണം  ലഭിച്ച് തുടങ്ങിയപ്പോൾ കിട്ടിയ ആത്മവിശ്വാസത്തലൂടെയാണ് 600 ചതുരശ്ര അടിയുള്ള വീട്ടിൽ നിന്നും രണ്ടായിരം അടിയുള്ള വീടെന്ന സ്വപ്നം അനന്തു സാക്ഷാത്കരിച്ചത്. കഴിഞ്ഞ മാസമാണ് അധ്യാപകരുടെയും സഹപാഠികളുടെയും സഹായത്തോടെ വീട് പണി പൂർത്തിയാക്കിയത്.

വീട് പണി പൂർത്തിയാക്കാൻ അനന്തു ജോലിചെയ്യുന്ന എൻട്രൻസ് അക്കാദമിയിലെ ഹോസ്റ്റൽ വാർഡന്റെ റോളുകൂടി  ഏറ്റെടുത്തതോടെ വൈകിട്ട് അവിടെയായി ഉറക്കം. സ്വന്തമായി നിർമ്മിച്ച വീട്ടിൽ തനിക്ക് കിടക്കാൻ സാധിക്കുന്നില്ലെങ്കിലും അച്ഛനും അമ്മയും അവിടെ സുരക്ഷിതരാണെന്നുള്ള വിശ്വാസമാണ് തനിക്ക് ഏറ്റവും സന്തോഷം എന്നാണ് അനന്തു പറയുന്നത്.