‘തല തിരിഞ്ഞ വര’ അഞ്ച് മിനിറ്റിൽ ക്യാൻവാസിൽ വിരിയുന്നത് അത്ഭുതങ്ങൾ..
അഞ്ച് മിനിറ്റുകൊണ്ട് ക്യാൻവാസിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച് ഒരു ചെറുപ്പക്കാരൻ. കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളേജ് മൂന്നാംവർഷ ബിഎ ഇംഗ്ലിഷ് സാഹിത്യ വിദ്യാർഥിയായ എ ആർ ഒലീദ് ഖാനാണ് തലതിരിച്ച് ചിത്രങ്ങൾ വരച്ച് ക്യാൻവാസിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നത്. നിറക്കൂട്ടുകളും ബ്രഷുമായി മോഹൻലാലിന്റെയും മമ്മൂട്ടിയുടെയുമൊക്കെ ചിത്രങ്ങൾ ഒലീദ് വരച്ചു തുടങ്ങുമ്പോൾ എല്ലാവരും അത്ഭുതപ്പെടാറുണ്ട്. എന്നാൽ വര പൂർത്തിയായ ശേഷം ക്യാൻവാസ് തലതിരിച്ച് നോക്കുമ്പോഴാണ് ചിത്രത്തിന്റെ യഥാർത്ഥ രൂപം നമ്മെ അത്ഭുതപ്പെടുത്തുന്നത്.
കോളേജിൽ ആദ്യമായി ഒലീദ് തന്റെ അത്ഭുതങ്ങൾ കാണിച്ച് തുടങ്ങിയത് ഒന്നാം വർഷ വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനായി കോളേജിൽ സങ്കടിപ്പിച്ച ചടങ്ങിലാണ്. ആദ്യമൊക്കെ ഇതെന്ത് ചിത്രമാണെന്ന് കരുതി നോക്കിനിന്ന എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു താരം ക്യാൻവാസ് തിരിച്ചുപിടിച്ചത്. പിന്നീടങ്ങോട്ട് അഞ്ചു മിനിറ്റിൽ നിരവധി താരങ്ങളാണ് ഒലീദിന്റെ ക്യാൻവാസിൽ വിരിഞ്ഞത്. ചിത്രകാരന്മാർ തല തിരിച്ച് ചിത്രങ്ങൾ വരയ്ക്കുന്നത് യൂ ട്യൂബിൽ കണ്ടതാണ് തനിക്ക് ഇത്തരത്തിൽ വരയ്ക്കാൻ പ്രചോദനം നൽകിയതെന്ന് ഒലീദ് പറഞ്ഞു.