കായിക ലോകം ആവേശപൂർവ്വം കാത്തിരിക്കുന്ന ഫൈനൽ പോരാട്ടം നിയന്ത്രിക്കുന്നത് ഇവരാണ്
ഫ്രാൻസും ക്രൊയേഷ്യയും കൊമ്പുകോർക്കുന്ന റഷ്യൻ ലോകകപ്പിലെ ഫൈനൽ പോരാട്ടം നിയന്ത്രിക്കാൻ അർജന്റീനൻ റഫറിയായ നെസ്റ്റർ പിറ്റാനയെ ഫിഫ ചുമതലപ്പെടുത്തി.. റഷ്യൻ ലോകകപ്പിലെ ഉത്ഘാടന മത്സരമായ സൗദി അറേബ്യ – റഷ്യ പോരാട്ടവും നിയന്ത്രിച്ചത് നെസ്റ്റർ പിറ്റാനയെന്ന 43 കാരനായിരുന്നു..ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് ഒരേ റഫറി തന്നെ ലോകകപ്പിന്റെ ആദ്യ മത്സരവും കലാശപ്പോരും നിയന്ത്രിക്കുന്നത്..
മറ്റൊരു അർജന്റീനൻ റഫറിയായ ഹോരാസിയോ എലിസോൻഡോയാണ് ഇതിന് മുൻപ് സമാന നേട്ടം കൈവരിച്ചിട്ടുള്ളത്. 2006 ലെ ജർമ്മൻ ലോകകപ്പിന്റെ ആദ്യ മത്സരവും ഫൈനലും നിയന്ത്രിച്ചാണ് ഹോരാസിയോ എലിസോൻഡോ ചരിത്രം രചിച്ചത്. ഫ്രാൻസും ക്രൊയേഷ്യയും തമ്മിലുള്ള ഫൈനൽ പോരാട്ടം നിയന്ത്രിക്കാൻ ലഭിച്ച അവസരം സന്തോഷപൂർവ്വം സ്വീകരിക്കുന്നതായി പിറ്റാനാ പറഞ്ഞു. ഹെർനൻ മെയ്ഡാനയും പാബ്ലോ ബെലാട്ടിയുമാണ് പിറ്റാനയ്ക്കൊപ്പം ഫൈനൽ മത്സരം നിയന്ത്രിക്കാനുള്ള റഫറിയിങ് പാനലിൽ ഉള്ളത്.
“വർഷങ്ങളായുള്ള കഠിനാധ്വാനത്തിന്റെയും നിരന്തരമായ പരിശ്രമങ്ങളുടെയും ഫലമായാണ് ലോകകപ്പ് ഫൈനൽ നിയന്ത്രിക്കാനുള്ള അവസരം ലഭിച്ചത്”. അത്രമേൽ ഫുട്ബോളിനെ സ്നേഹിക്കുന്ന ഏതൊരാളുടെയും ലക്ഷ്യമാകും ലോകകപ്പ് ഫൈനലിന്റെ ഭാഗമാകുക എന്നത്..ആ സ്വപ്നം ഇവിടെ സഫലമായിരിക്കുന്നു..ഇനി ഫൈനൽ പോരാട്ടം കുറ്റമറ്റ രീതിയിൽ നിയന്ത്രിക്കാനുള്ള തയ്യാറെടുപ്പുകളിലേക്ക് കടക്കുകയാണ് ഞാനും എന്റെ സഹപ്രവർത്തകരും”-പിറ്റാന പറഞ്ഞു.