ഷൂട്ടൗട്ടുകൾ വിധി നിർണ്ണയിച്ച ദിനം; ഭാഗ്യ പരീക്ഷണത്തിൽ വിജയം വരിച്ച് റഷ്യയും ക്രൊയേഷ്യയും
പ്രീ ക്വാർട്ടർ വിധി നിർണ്ണയത്തിനായി രണ്ടു ഷൂട്ടൗട്ടുകൾ അനിവാര്യമായി വന്ന ദിനമായിരുന്നു ഇന്നലത്തേത്..ആദ്യ മത്സരത്തിൽ സ്പൈയ്നും റഷ്യയുമാണ് ഷൂട്ടൗട്ടിനിറങ്ങിയതെങ്കിൽ രണ്ടാം അങ്കത്തിൽ ക്രൊയേഷ്യയും ഡെന്മാർക്കുമാണ് പെനാൽറ്റി അങ്കത്തിനിറങ്ങിയത്
റഷ്യക്കെതിരെ സ്പെയിൻ അധികാരിക വിജയം നേടുമെന്ന് നിരീക്ഷിച്ച നിരൂപകരെയും ആരാധകരെയും ഒരു പോലെ അമ്പരപ്പിക്കുന്ന പ്രകടനമാണ് ലുഷ്നിക്കിയിൽ സ്പാനിഷ് പട പുറത്തെടുത്തത്. ആയിരത്തിലധികം പാസ്സുകളുമായി മധ്യ നിരയിൽ കളി നിയന്ത്രിച്ചെങ്കിലും ഗോളടിക്കാൻ മറന്ന പതിനൊന്നു സ്പാനിഷ് പോരാളികളാണ് ഇന്നലെ റഷ്യക്കെതിരെ കളിക്കാനിറങ്ങിയത് . റഷ്യൻ ‘ഗോൾ മുഖം വിറപ്പിക്കുന്ന ഒരു ഷോട്ടുതിർക്കാൻ 80 മിനുട്ടോളം കാത്തിരിക്കേണ്ടി വന്ന സ്പാനിഷ് നിരയുടെ ‘ഗതികേട്’ അത്ഭുതത്തോടെയാണ് ഫുട്ബാൾ ലോകം കണ്ടു നിന്നത്.ഒടുവിൽ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോളുമായി സമനില പാലിച്ചതോടെയാണ് ഷൂട്ടൗട്ടിലൂടെ വിജയിയെ നിർണ്ണയിച്ചത്.
റഷ്യക്കായി സ്മോളോവ് ഇഗ്നാഷ്വിച്ച്, ഗോളവിൻ ചെരിഷേവ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ സ്പെയിനിന്റെ കൊക്കെയുടെയും അസ്പാസിന്റെയും ഷോട്ടുകൾ റഷ്യൻ ഗോളി അകിൻഫീവ് തടുത്തിടുകയായിരുന്നു.ഇനിയേസ്റ്റ, പിക്വേ, റാമോസ് എന്നിവർ സ്പെയിനിനായി ലക്ഷ്യം കണ്ടു..
മറ്റൊരു പ്രീക്വാർട്ടർ മത്സരത്തിൽ ക്രൊയേഷ്യയും ഡെന്മാർക്കും സമനിലക്കുരുക്കിൽ പെട്ടതോടെയാണ് റഷ്യൻ ലോകകപ്പിലെ രണ്ടാം പെനാൽറ്റി ഷൂട്ടൗട്ടിന് കളമൊരുങ്ങിയത്..നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനില പാലിക്കുകയായിരുന്നു.. അധിക സമയത്തിൽ ലഭിച്ച പെനാൽറ്റി ക്രോയേഷ്യൻ നായകൻ ലൂക്ക മോഡ്രിച്ച് നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു.
ക്രാമറിക്, മോഡ്രിച്ച്,റാക്ടിക്ക് എന്നിവർ ക്രൊയേഷ്യക്കായി പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചപ്പോൾ സിമോൺ ജാറും മൈക്കിൾ ക്രൊനുമാണ് ഡെന്മാർക്കിനായി വല കുലുക്കിയത്.
ക്രോയേഷ്യയുടെ മിലൻ ബദലെജിന്റെയും പിവാരിക്കിന്റെയും ഷോട്ടുകൾ പിഴച്ചപ്പോൾ, എറിക്സൺ,സ്കോൻ,ജോർഗെൻസൺ എന്നീ മൂന്നു ഡെന്മാർക്ക് താരങ്ങളുടെ ഷോട്ടുകളും ലക്ഷ്യം നേടിയില്ല.ഒടുവിൽ 3-2 നു ക്രൊയേഷ്യ ഷൂട്ടൗട്ടും മത്സരവും സ്വന്തമാക്കി.