എംബാപ്പയ്ക്ക് പുറമെ മറ്റൊരു ഫ്രഞ്ച് സൂപ്പർ താരത്തെയും ടീമിലെത്തിക്കാനൊരുങ്ങി പിഎസ്ജി
ഫ്രാൻസിനെ ലോക ചാമ്പ്യന്മാർക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച മധ്യനിര താരം എൻഗോളോ കാന്റയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങളുമായി ഫ്രഞ്ച് ലീഗ് വണ്ണിലെ വമ്പന്മാരായ പിഎസ്ജി. ടീമിലെ മറ്റൊരു ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബാപ്പയാണ് പിഎസ്ജിക്ക് കാന്റയിൽ താത്പര്യമുണ്ടെന്ന വാർത്ത പുറത്തു വിട്ടത്.നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചെൽസിയിലെ പ്രധാന താരങ്ങളിൽ ഒരാളാണ് കാന്റെ.
“ഇനി ആരംഭിക്കാനിരിക്കുന്ന സീസണിൽ കാന്റയെ ടീമിലെത്തിക്കാൻ താത്പര്യപ്പെടുന്നതായി പിഎസ്ജി ടീം മാനേജ്മെന്റ് വ്യക്തമാക്കിയിരുന്നു.ക്ലബ് പ്രസിഡന്റ് നാസർ അൽ ഖലൈഫി തന്നെയാണ് ഇക്കാര്യം തന്നോട് നേരിട്ട് വന്ന് ആവശ്യപ്പെട്ടത്.പ്രസിഡന്റിന്റെ ആവശ്യപ്രകാരം ലോകകപ്പ് നടക്കുന്ന സമയത്തു തന്നെ ഞാൻ കാന്റെയുമായി സംസാരിച്ചിരുന്നു. ലോകകപ്പ് വേളയായതിനാൽ ഇക്കാര്യത്തിൽ കൂടുതൽ സമ്മർദ്ദം ചെലുത്തിയില്ല. ലോകകപ്പിന് ശേഷം തീരുമാനം അറിയിക്കണമെന്നും കാന്റെയോട് പറഞ്ഞിരുന്നു.”-വെളിപ്പെടുത്തി.
ഏതു വിധേനയും കാന്റയെ ടീമിലെത്തിക്കാനാണ് പിഎസ്ജിയുടെ ശ്രമം.100 മുതൽ 132 മില്യൺ യുറോവരെയാണ് കാന്റെയ്ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന തുക. കാന്റെ ടീം വിടുകയാണെങ്കിൽ ലിയോണിന്റെ ടാങ്കോ എൻഡോബെലെയെ സ്വന്തമാക്കാനാണ് ചെൽസിയുടെ നീക്കങ്ങൾ.