ഇവിടുത്തെ സൂപ്പർ താരങ്ങൾ..അമേരിക്കയിലെ ഭിക്ഷക്കാർ..! സോഷ്യൽ മീഡിയയെ പൊട്ടിച്ചിരിപ്പിച്ച രമേഷ് പിഷാരടിയുടെയും ധർമ്മജന്റെയും വീഡിയോ കാണാം
മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്നതിൽ ഒരു പിശുക്കും കാണിക്കാത്ത ഹാസ്യ ജോഡികളാണ് രമേഷ് പിഷാരടിയും ധർമ്മജൻ ബോൾഗാട്ടിയും. പരസ്പരം പാര പണിതും കൗണ്ടറും മറു കൗണ്ടറുകളും പൊട്ടിച്ചും മലയാളികളുടെ ഇഷ്ട താരങ്ങളായി മാറിയ ഈ ഉറ്റ സുഹൃത്തുക്കൾ അമേരിക്കയിലെത്തിയപ്പോൾ ഒപ്പിച്ച ഒരു പണിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.
കേരളത്തിലെ ഏറ്റവും മൂല്യമേറിയ ഹാസ്യ ജോഡികൾ അമേരിക്കയിൽ പോയി ഭിക്ഷയെടുക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. പിച്ച വെച്ച നാൾ മുതൽക്കു നീ… എന്നു തുടങ്ങുന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് നല്ല ‘പ്രൊഫഷണലായി’ ‘പിച്ച തെണ്ടുന്ന’ ധർമജന്റെയും പിഷാരടിയുടെയും വീഡിയോ ധർമ്മജൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
‘പഞ്ചവർണ്ണതത്ത’യെന്ന ആദ്യ സംവിധാന സംരംഭം ഗംഭീര വിജയമായതിനു ശേഷം തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലാണ് പിഷാരടിയിപ്പോൾ.പുതിയ ചിത്രത്തിന്റെ തിരക്കഥ എഴുതിത്തുടങ്ങിയെന്ന് രമേശ് പിഷാരടി തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ‘പഞ്ചവർണ്ണതത്ത’യെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച മലയാളി പ്രേക്ഷകരോട് നന്ദിയർപ്പിച്ചുകൊണ്ടാണ് പിഷാരടി തന്റെ അടുത്ത ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.