‘എന്നെ മികച്ചവനാക്കിയത് ധോണി’; വെളിപ്പെടുത്തലുമായി ഇന്ത്യൻ യുവ താരം
ഇന്ത്യയുടെ ഭാവി താരങ്ങളിൽ ഒരാളായി വിലയിരുത്തപ്പെടുന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ് ഋഷഭ് പന്ത്. ആഭ്യന്തര ലീഗിലും ഐപിഎല്ലിലും ഇന്ത്യയുടെ ഏ ടീമിലും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച ഋഷഭ് പന്ത് ഒടുവിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. സീനിയർ വിക്കറ്റ്കീപ്പർ വൃദ്ധിമാൻ സാഹയ്ക്ക് പരിക്കേറ്റതോടെയാണ് 20 കാരനായ ഋഷഭ് പന്ത് അപ്രതീക്ഷിതമായി ടീമിലെത്തിയത്..
സ്ഥിരതയാർന്ന മികച്ച പ്രകടങ്ങളിലൂടെ ഇന്ത്യയുടെ സീനിയർ ടീമിലെത്താൻ തന്നെ സഹായിച്ചത് എം എസ് ധോണിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോൾ.ബാറ്റ്സ്മാൻ എന്ന നിലയിലും ഒരു വിക്കറ്റ് കീപ്പർ എന്ന നിലയിലും തന്റെ വളർച്ചയിൽ എം എസ് ധോണി നിർണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണ് പന്ത് വ്യക്തമാക്കിയിരിക്കുന്നത്.
“മഹി ഭായിയുടെ ഉപദേശങ്ങളാണ് ഐപിഎൽ അടക്കമുള്ള പ്രധാന ടൂർണമെന്റുകളിൽ വിജയം കൈവരിക്കാൻ എന്നെ സഹായിച്ചത്.എപ്പോഴൊക്കെ അദ്ദേഹത്തിന്റെ പിന്തുണ ആവശ്യമായി വന്നിട്ടുണ്ടോ അപ്പോഴൊക്കെ ഞാൻ മഹി ഭായിയെ വിളിക്കാറുണ്ട്.ഐപിഎൽ കരാർ മുതൽ വിക്കറ്റ് കീപ്പിംഗ് വരെയുള്ള കാര്യങ്ങളിൽ അദ്ദേഹത്തിന്റെ പിന്തുണ എന്നെ ഏറെ സഹായിച്ചിട്ടുണ്ട്”- പന്ത് പറഞ്ഞു.
വിക്കറ്റിന് പിന്നിലെ തന്ത്രങ്ങൾക്കൊപ്പം സാഹചര്യത്തിനനുസരിച്ച് ബാറ്റു വീശാനുള്ള അടവുകളും തനിക്ക് പഠിപ്പിച്ചു തന്നത് ധോണിയാണെന്നും പന്ത് വെളിപ്പെടുത്തി.
“വിക്കറ്റ് കീപ്പിങ്ങിൽ കൈകളുടെയും തലയുടെയും ഏകോപനം വളരെ സുപ്രധാനമാണെന്നാണ് ധോണി ഭായ് പറയാറുള്ളത്.അതിന് ശേഷമാണ് ശരീരത്തിന്റെ നിയന്ത്രണം വരുന്നത്. കളത്തിനകത്തും പുറത്തും ക്ഷമ കൈവിടരുത്. മത്സരത്തിന്റെ സാഹചര്യം മനസ്സിലാക്കി ബാറ്റ് വീശാനുള്ള കഴിവുണ്ടായിരിക്കുക എന്നത് പരമ പ്രധാനമാണ്.അതുകൊണ്ട് തന്നെ സാഹചര്യത്തിനനുസരിച്ച് ബാറ്റിങ്ങിന്റെ വേഗത ക്രമീകരിക്കാൻ കഴിയണമെന്നും മഹി ഭായ് ഉപദേശിക്കാറുണ്ട്”- ഋഷഭ് പന്ത് കൂട്ടിച്ചേർത്തു.