സമനിലക്കെട്ട് പൊട്ടാതെ റഷ്യ-സ്പെയിൻ പോരാട്ടം; ഇനി പെനാൽറ്റി ഷൂട്ടൗട്ട്!
റഷ്യൻ ലോകകപ്പിലെ ആദ്യ പെനാൽട്ടി ഷൂട്ട്ഔട്ടിനൊരുങ്ങി റഷ്യ-സ്പെയിൻ പ്രീക്വാർട്ടർ പോരാട്ടം. മത്സരത്തിന്റെ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ട്ഔട്ടിലേക്ക് നീണ്ടത്.
12ാം മിനുട്ടിൽ റഷ്യൻ പ്രതിരോധ താരം ഇഗ്‌നേഷ്വിച്ചിന്റെ സെൽഫ് ഗോളിലൂടെ സ്പെയിനാണ് കളിയിൽ ആദ്യം മുന്നിലെത്തിയത്.. സ്പെയിൻ നായകൻ സെർജിയോ റാമോസിനെ കീഴടക്കാൻ ശ്രമിക്കവേ ഇഗ്‌നേഷ്വിച്ചിന്റെ കാലിൽ തട്ടി പന്ത് റഷ്യൻ വലയിൽ കയറുകയായിരുന്നു.എന്നാൽ 41ാംമിനുട്ടിൽ സ്യുബയുടെ പെനാൽറ്റി ഗോളിലൂടെ റഷ്യ ഒപ്പമെത്തി..
റഷ്യൻ കോർണർ കിക്ക് തടയവേ പെനാൽറ്റി ബോക്സിൽ വെച്ച് സ്പെയിനിന്റെ ജെറാർഡ് പിക്വേയുടെ കൈയ്യിൽ പന്ത് തട്ടിയതിനാണ് പെനാൽറ്റി വിധിക്കപ്പെട്ടത്. 1000 ത്തിലധികം പാസ്സുകളുമായി മധ്യ നിരയിൽ നിറഞ്ഞു നിന്നുവെങ്കിലും ഗോൾ കണ്ടെത്താനാകാതെ ഉഴറിയതാണ് സ്പെയിനിനു തിരിച്ചടിയായത്.മികച്ച കൗണ്ടർ അറ്റാക്കുകളിലൂടെ അവസരം മുതലെടുക്കാൻ റഷ്യക്കും കഴിയാതെ പോയതോടെ 120 മിനുട്ടും ഇരു ടീമുകളും സമനില [പാലിക്കുകയായിരുന്നു.