മത്സരക്രമത്തിലെ അപാകത; പാകിസ്താനെതിരെ ഇന്ത്യ കളിക്കരുതെന്ന് സെവാഗ്..!
ഏഷ്യ കപ്പിലെ ഇന്ത്യയുടെ മത്സരക്രമത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സെവാഗ്. ചിരവൈരികളായ പാകിസ്താനെ നേരിടുന്നതിന് തലേ ദിവസം മറ്റൊരു മത്സരം കൂടി ഷെഡ്യൂൾ ചെയ്തതാണ് താരത്തെ പ്രകോപിച്ചത്. നേരെത്തെ ബിസിസിഐയും സമാനമായ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
ഐസിസി പുറത്തുവിട്ട മത്സരക്രമപ്രകാരം സെപ്റ്റംബർ 19 നാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത്.എന്നാൽ അതിനു തൊട്ടു തലേന്ന്, അതായത് സെപ്റ്റംബർ 18 നും ഇന്ത്യക്ക് മത്സരമുണ്ട്. ഏഷ്യ കപ്പിന് യോഗ്യത നേടിയെത്തുന്ന ടീമുമായാണ് സെപ്റ്റംബർ 18 ന് ഇന്ത്യ കളിക്കണ്ടത്.
ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ പാക് പോരാട്ടത്തിന് പൂർണ കായിക ക്ഷമതയോടെ കളത്തിലിറങ്ങാൻ കഴിയില്ലെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് ബിസിസിഐയും വിരേന്ദർ സെവാഗും രംഗത്തെത്തിയിരിക്കുന്നത്.
“ഈ മത്സര ക്രമം എന്നെ ഞെട്ടിച്ചിരിക്കുകയാണ്..ഇംഗ്ലണ്ടിലെ ടി-20 മത്സരങ്ങൾക്കിടയിൽ പോലും വിശ്രമ ദിനങ്ങളുണ്ട്. ദുബായിലെ കനത്ത ചൂടിൽ അടുത്തടുത്ത ദിവസങ്ങളിൽ കളികൾ വെക്കുന്നത് തീർത്തും അശാസ്ത്രീയമാണ്..ഇന്ത്യ മത്സരിക്കാനിറങ്ങരുതെന്ന് തന്നെയാണ് എന്റെ അഭിപ്രായം..തുടർച്ചയായി മത്സരിക്കാനിറങ്ങുന്നതിന് പകരം ഹോം, ആവേ പര്യടനങ്ങൾക്കുള്ള തയ്യാറെടുപ്പ് നടത്തുന്നതാകും ഉചിതം “- സെവാഗ് പറഞ്ഞു.
ഇന്ത്യ,പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളാണ് നിലവിൽ ഏഷ്യ കപ്പിന് യോഗ്യത നേടിയിട്ടുള്ളത്.യു.ഏ.ഇ,ഒമാൻ,നേപ്പാൾ,മലേഷ്യ,സിംഗപ്പൂർ,നേപ്പാൾ ഹോങ്കോങ് എന്നീ രാജ്യങ്ങളാണ് ശേഷിക്കുന്ന സ്ഥാനത്തിനായി മത്സരിക്കുന്നത്.
സ്പെറ്റംബർ 15 നു ബംഗ്ലദേശും ശ്രീലങ്കയും തമ്മിലുള്ള മത്സരത്തോടെയാണ് ഏഷ്യ കപ്പിന് തുടക്കമാവുക.സെപ്റ്റംബർ 28 നാണ് ഫൈനൽ.