മറ്റൊരു അപ്രതീക്ഷിത വിരമിക്കലിനൊരുങ്ങി എം എസ് ധോണി..?
ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ എട്ടു വിക്കറ്റിന്റെ കനത്ത പരാജ്യമേറ്റുവാങ്ങിയതിന്റെ ഞെട്ടലിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമും ആരാധകരും. ബാറ്റിങ്ങിന് അനുകൂലമായ പിച്ചിൽ ഇംഗ്ലീഷ് സ്പിന്നർ ആദിൽ റഷീദിനും പേസർ വില്ലിക്കും മുൻപിൽ തകർന്നടിഞ്ഞ ബാറ്റിംഗ് മധ്യനിരയാണ് ഇന്ത്യയുടെ പരമ്പര നഷ്ടത്തിന്റെ പ്രധാന ഉത്തരവാദികൾ.
കെഎൽ രാഹുലും റെയ്നയും ധോണിയുമുൾപ്പെടുന്ന പേരുകേട്ട ബാറ്റിംഗ് നിര ആദ്യ മത്സരത്തിന് ശേഷം താളം കണ്ടെത്താനാകാതെ ഉഴറിയതോടെ നായക വേഷത്തിൽ വിരാട് കോഹ്ലിയുടെ ആദ്യ പരമ്പര നഷ്ടത്തിനാണ് ഇംഗ്ലണ്ട് വേദിയായത്. പരമ്പരയിലെ പരാജയത്തിന് ബാറ്റ്സ്മാന്മാരും ബൗളർമാരും ഒരുപോലെ ഉത്തരവാദികളാണെങ്കിലും ഏറ്റവും കൂടുതൽ പഴി കേൾക്കുന്നത് മുൻ നായകൻ എം എസ് ധോണി തന്നെയാണ്.
ക്രീസിലെത്തി നിലയുറപ്പിക്കാൻ കൊടുത്താൽ സമയം വേണ്ടി വരുന്നതും അവസാന ഓവറുകളിൽ റൺ നിരക്കുയർത്താൻ കഴിയാതെ പോകുന്നതുമാണ് ധോണിയ്ക്ക് വിനയായത്. സമ്മർദ്ദ ഘട്ടങ്ങളിൽ പതറാത്ത മനസ്സാന്നിധ്യവുമായി പലതവണ ഇന്ത്യയെ വിജയതീരത്തെത്തിച്ചിട്ടുള ധോണിയുടെ ഫിനിഷിംഗ് പാടവം കൈമോശം വന്നുവെന്നാണ് ആരാധകരുടെയും ക്രിക്കറ്റ് നിരൂപകരുടെയും കണ്ടെത്തൽ..അതുകൊണ്ട് തന്നെ ഇന്ത്യയുടെ ഏറ്റവും മികച്ച വിജയ ചരിത്രമുള്ള നായകന്റെ വിരമിക്കലിനായുള്ള മുറവിളികളും പതിവിലേറെ ശക്തമായി ഉയർന്നു കേട്ടു തുടങ്ങി
എന്നാൽ വിരമിക്കലിനെ കുറിച്ച് മൗനം തുടർന്നു പോന്ന ധോണി മൂന്നാം ഏകദിനത്തിലെ പരാജയ ശേഷം കാണിച്ച പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരിക്കുന്നത്. ഹെഡിങ്ലിയിലെ മത്സര ശേഷം അമ്പയർമാരിൽ നിന്നും മാച്ച് ബോൾ സ്വന്തമാക്കി കളിക്കളം വിടുന്ന ധോണിയുടെ വീഡിയോയെ ചുറ്റിപ്പറ്റിയാണ് ചൂടേറിയ സംവാദം നടക്കുന്നത്.
പൊതുവെ മത്സരത്തിലെ വിജയ ശേഷമോ സുപ്രധാന നാഴികക്കല്ലുകൾ പിന്നിട്ട ശേഷമോ ആണ് മാച്ച് ബോൾ സ്വന്തമാക്കാനായി താരങ്ങൾ അമ്പയറെ സമീപിക്കാറുള്ളത്.എന്നാൽ ഇന്ത്യ ദയനീയമായി പരാജയപ്പെട്ട മത്സരത്തിലെ പന്ത് സ്വന്തമാക്കുക വഴി വിരമിക്കൽ സൂചന നൽകിയാണ് ധോണി കളിക്കളം വിടുന്നതെന്നാണ് ഒരു പക്ഷം കാണികൾ ഉന്നയിക്കുന്നത്.
2014 ൽ ഓസ്ട്രേലിയക്കെതിരെ അവസാന ടെസ്റ്റിന് ശേഷം മത്സരത്തിനുപയോഗിച്ച ഒരു സ്റ്റംപ് സ്വന്തമാക്കിയാണ് ധോണി അന്ന് കളിക്കളം വിട്ടത്. സാധാരണയായി വിജയം നേടിയ മത്സരങ്ങളിലാണ് താരങ്ങൾ സ്റ്റംപ് സ്വന്തമാക്കാറുള്ളതെങ്കിൽ അന്ന് സമനിലയിൽ പിരിഞ്ഞ മത്സരത്തിന് ശേഷമാണ് മുൻ ഇന്ത്യൻ നായകൻ സ്റ്റംപുമായി മൈതാനം വിട്ടത്.ഒടുവിൽ മത്സര ശേഷം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ടെസ്റ്റിൽ നിന്നും അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച ധോണി ഏകദിനത്തിൽ നിന്നും സമാനമായൊരു വിരമിക്കൽ പ്രഖ്യാപനം നടത്തുമോയെന്ന സംശയത്തിലാണ് ആരാധകർ.
Here’s the video of the MS Dhoni taking the ball from umpires after the game. #ENGvIND pic.twitter.com/C14FwhCwfq
— Sai Kishore (@KSKishore537) 17 July 2018