2017 ലെ ഏറ്റവും മികച്ച ഫുട്ബാൾ താരമായി സുനിൽ ഛേത്രി

July 23, 2018

ഏറ്റവും മികച്ച ഫുട്ബാൾ താരത്തിനുള്ള 2017 ലെ ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ അവാർഡ് സ്വന്തമാക്കി ഇന്ത്യൻ നായകൻ സുനിൽ ഛേത്രി. നായകന്റെ റോളിൽ മിന്നുന്ന ഫോമിൽ ഇന്ത്യൻ ദേശീയ ടീമിനെ   വിജയത്തിലേക്ക് നയിച്ചതാണ് ഛേത്രിയെ മികച്ച താരമായി തിരഞ്ഞെടുക്കാൻ ഫുട്ബാൾ ഫെഡറേഷനെ പ്രേരിപ്പിച്ചത്.

ഇന്ത്യക്കായി 102 കളികളിൽ നിന്നായി 65 ഗോളുകൾ നേടിക്കഴിഞ്ഞ ഛേത്രി, ദേശീയ ജേഴ്സിയിൽ  ഏറ്റവും കൂടുതൽ ഗോൾ നേടിയവരുടെ പട്ടികയിൽ ക്രിസ്റ്റ്യാനോ  റൊണാൾഡോയ്ക്കും  ലയണൽ മെസ്സിക്കും പിറകിലായി മൂന്നാം സ്ഥാനത്തുണ്ട്. ബൈച്ചുങ്ങ് ബൂട്ടിയ്ക്ക് ശേഷം ഇന്ത്യക്ക് വേണ്ടി 100 മത്സരങ്ങൾ പൂർത്തിയാക്കിയ താരമെന്ന ഖ്യാതിയും ഈയിടെ സുനിൽ ഛേത്രി സ്വന്തമാക്കിയിരുന്നു.

2017 ലെ ഏറ്റവും മികച്ച വനിതാ ഫുട്ബാൾ താരത്തിനുള്ള പുരസ്‌കാരം കമലാ ദേവി സ്വന്തമാക്കി. ഇന്ത്യൻ ഫുട്ബാൾ ലോകത്തെ  യുവ സെൻസേഷനായി മാറിയ 20 വയസ്സുകാരൻ അനിരുദ്ധ് ഥാപ്പയാണ്  പുരുഷന്മാരിലെ എമേർജിങ് പ്ലെയർ ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഇ. പന്തോയ് വനിതാ താരങ്ങളിലെ എമേർജിങ് താരമായും തിരഞ്ഞെടുക്കപ്പെട്ടു.