കൊമ്പന്മാർ വീണ്ടുമിറങ്ങുന്നു; ടൊയോട്ട യാരിസ് ലാലിഗ വേൾഡ് ടൂർണമെന്റിന് നാളെ തുടക്കം

July 23, 2018

ഇന്ത്യയിൽ ആദ്യമായി നടക്കുന്ന ഇന്റർനാഷണൽ പ്രീ സീസൺ ടൂർണമെന്റായ ടൊയോട്ട യാരിസ് ലാലിഗ  വേൾഡിന് നാളെ തുടക്കമാകും. ജൂലൈ 24 മുതൽ 28  വരെ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് പ്രഥമ ടൂർണമെന്റ് നടക്കുക.

ലോക മലയാളികളുടെ ഹരമായി മാറിയ  കേരളാ ബ്ലാസ്റ്റേഴ്‌സ് വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് ഫുട്ബാൾ പ്രേമികൾ. ഓസ്‌ട്രേലിയൻ എ ലീഗിലെ മൂന്നാം സ്ഥാനക്കാരായ മെൽബൺ സിറ്റി എഫ് സി, സ്പാനിഷ് വമ്പന്മാരായ ജിറൗണ എഫ് സി എന്നിവരുമായാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് പ്രീ സീസൺ ഫ്രണ്ട്‌ലി മത്സരങ്ങൾ കളിക്കുക.

ജൂലൈ 24 നു മെൽബൺ സിറ്റി എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം. ഇന്ത്യൻ ദേശീയ ടീമിലെ പ്രതിരോധ ഭടനും മലയാളിയുമായ അനസ് എടത്തൊടികളുടെ ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിലുള്ള  അരങ്ങേറ്റ മത്സരത്തിനായി മലയാളികൾ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അനസിനു പുറമെ നിരവധി പുതിയ താരങ്ങളെ സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഡേവിഡ് ജെയിംസിന് കീഴിൽ മികച്ച പ്രകടനം നടത്തുമെന്നാണ്  ആരാധകർ പ്രതീക്ഷിക്കുന്നത്.

സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡിനെ വരെ തോൽപിച്ച ചരിത്രമുള്ള ടീമാണ് ജിറൗണ എഫ്സി. റയലും ബാഴ്‌സയും മറ്റു വമ്പന്മാരും കൊമ്പുകോർക്കുന്ന ലാ ലീഗയിൽ കഴിഞ്ഞ സീസണിൽ 10ാം സ്ഥാനം നേടാനും ജിറൗണക്ക് കഴിഞ്ഞിരുന്നു. ജൂലൈ 28 നാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സും ജിറൗണയും ഏറ്റുമുട്ടുക.അതിനു മുൻപേ  ജൂലൈ 27 ന് ജിറൗണ എഫ് സിയും മെൽബൺ സിറ്റി എഫ്സിയും തമ്മിലും ഏറ്റുമുട്ടും. ലോകകപ്പിന് ശേഷമെത്തുന്ന കാൽപ്പന്താരവത്തിന്റെ തത്സമയ സംപ്രേക്ഷണവുമായി ഫ്ളവേഴ്സ് ചാനലാണ് ഇന്ത്യയിലെ പ്രഥമ ഇന്റർനാഷനൽ പ്രീ സീസൺ ടൂർണമെന്റ് പ്രേക്ഷകരിലെത്തിക്കുന്നത്.