മെസ്സിക്ക് പിറകെ റോണോയ്ക്കും പടിയിറക്കം;പോർച്ചുഗലിനെ വീഴ്ത്തി ഉറുഗ്വായ് ക്വാർട്ടറിൽ

July 1, 2018


റഷ്യൻ ലോകകപ്പിലെ രണ്ടാം പ്രീക്വാർട്ടർ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ തോൽപ്പിച്ച് ഉറുഗ്വായ് ക്വാർട്ടറിൽ.മത്സരത്തിന്റെ ഇരു പകുതികളിലുമായി എഡിസൺ കവാനി നേടിയ ഇരട്ടഗോളുകളാണ് ഉറുഗ്വായ്ക്ക് വിജയം സമ്മാനിച്ചത്.പെപ്പെയാണ് പോർച്ചുഗലിനായി ഒരു ഗോൾ നേടിയത്..

മത്സരം തുടങ്ങി ഏഴാം ഏഴാം മിനുട്ടിൽ തന്നെ കവാനിയിലൂടെ ഉറുഗ്വായ് മുന്നിലെത്തി.സുവാരസും കവാനിയും ചേർന്നൊരുക്കിയ മനോഹരമായ നീക്കങ്ങളിലൂടെയാണ് ഓസ്കാർ ടബാരസ് പരിശീലിപ്പിക്കുന്ന ഉറുഗ്വായ് ആദ്യ ഗോൾ നേടിയത്..ഗോൾ തിരിച്ചടിക്കാൻ പോർച്ചുഗലും ലീഡ് വർധിപ്പിക്കാൻ ഉറുഗ്വായും ശ്രമിച്ചതോടെ ആദ്യ പകുതിയിൽ ഇരു ടീമുകളും മികച്ച ആക്രമണ-പ്രത്യാക്രമണങ്ങൾ നടത്തി..
ഏതു വിധേനയും സമനില പിടിക്കുകയെന്ന ലക്ഷ്യവുമായി രണ്ടാം പകുതിയിൽ ഇറങ്ങിയ പോർച്ചുഗലിനായി 55ാം മിനുട്ടിൽ പെപ്പയാണ് ഹെഡ്‍റിലൂടെ ഗോൾ നേടിയത്..

എന്നാൽ ഉറുഗ്വായെ സമനിലയിൽ പിടിച്ചതിന്റെ സന്തോഷം അധിക നേരം നീണ്ടു നിന്നില്ല..സുവാരസ്-കവാനി സഖ്യം ഒരിക്കൽ കൂടി പോർച്ചുഗൽ പെനാൽറ്റി ബോക്സിൽ നാശം വിതച്ചപ്പോൾ 62ാം മിനുട്ടിൽ ഉറുഗ്വായ് വീണ്ടും മുന്നിലെത്തി. പോർച്ചുഗൽ പോസ്റ്റിലേക്ക് വളഞ്ഞു കയറിയ മനോഹരമായ ഷോട്ടിലൂടെ കവാനി തന്നെയാണ് ഇത്തവണയും ഗോൾ നേടിയത്..

സമനില ഗോളിനായി പോർച്ചുഗൽ കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോൾ വഴങ്ങാതെ ഉറുഗ്വായ് പിടിച്ചു നിന്നു..പെനാൽറ്റി ബോക്സിൽ ഇരമ്പിയെത്തിയ പോർച്ചുഗൽ താരങ്ങളെയും സാക്ഷാൽ റോണോയുടെ കനത്ത ഷോട്ടുകളെയും ഗോളിൽ നിന്നും തടഞ്ഞു നിർത്താൻ ഉറുഗ്വൻ താരങ്ങൾക്ക് സാധിച്ചതോടെ റഷ്യൻ ലോകകപ്പിലെ അവസാന എട്ടു ടീമുകളിൽ ഒന്നായി ഉറുഗ്വായ് മാറി..കസാനിൽ കണ്ണീർ വാർത്ത അർജന്റീനൻ ഇതിഹാസം ലയണൽ മെസ്സിക്ക് പിറകെ മറ്റൊരു ഇതിഹാസം കൂടി പരാജയഭാരവുമായി തലതാഴ്ത്തികൊണ്ട് റഷ്യയിൽ നിന്നും പടിയിറങ്ങുകയാണ്