ലോകകപ്പ്; ആദ്യ പകുതിയിൽ ഉറുഗ്വായ്ക്കെതിരെ ഫ്രാൻസിന് ഒരു ഗോൾ ലീഡ്

July 6, 2018

റഷ്യൻ ലോകകപ്പിലെ ആദ്യ ക്വാർട്ടർ പോരാട്ടം ആദ്യ പകുതി പിന്നിടുമ്പോൾ ഉറുഗ്വായ്‌ക്കെതിരെ ഒരു ഗോൾ ലീഡുമായി ഫ്രാൻസ് മുന്നിൽ.മത്സരത്തിന്റെ 40ാം മിനുട്ടിൽ ഹെഡർ ഗോളിലൂടെ റാഫേൽ വരാനായാണ് ഫ്രാൻസിനായി വല കുലുക്കിയത്.

ഉറുഗ്വൻ പെനാൽറ്റി ബോക്സിന്റെ വലത്തു നിന്നും ഗ്രീസ്മാൻ എടുത്ത ഫ്രീകിക്കിനെ  തലകൊണ്ട് കൃത്യമായി പോസ്റ്റിലേക്ക് തിരിച്ചുവിടുകയായിരുന്നു വരാനാ. എംബാപ്പയും, ഗ്രീസ്മാനും ജിറൗഡും പോഗ്ബയുമടങ്ങുന്ന  മുന്നേറ്റനിര ഉറുഗ്വൻ ബോക്സിൽ പല തവണ അപകടം വിതയ്ക്കാൻ ശ്രമിച്ചുവെങ്കിലും ഗോഡിനും ജിമ്മിനെസുമടങ്ങുന്ന ഉറുഗ്വൻ പ്രതിരോധ നിര അവയെല്ലാം നിഷ്ഫലമാക്കുന്ന കാഴ്ചയാണ് ആദ്യ പകുതിയിൽ കണ്ടത്.മത്സരത്തിന്റെ 16 ാം മിനുട്ടിൽ  ഫ്രാൻസിനെ മുന്നിലെത്തിക്കാൻ എംബാപ്പയ്ക്ക് സുവർണ്ണാവസരം ലഭിച്ചുവെങ്കിലും താരത്തിന്റെ ഹെഡർ പോസ്റ്റിന് മുകളിലൂടെ പോകുകയായിരുന്നു .ഗോൾ വഴങ്ങിയതോടെ ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ ഉറുഗ്വ നിരന്തരം ആക്രമങ്ങൾ നടത്തി.. നായകനും ഗോൾ കീപ്പറുമായ ലോറീസിന്റെ മിന്നുന്ന സേവുകളാണ് സമനില ഗോളിൽ നിന്നും ഉറുഗ്വായെ തടഞ്ഞു നിർത്തിയത്.