ക്രിക്കറ്റിൽ മാത്രമല്ല,സോഷ്യൽ മീഡിയയിലും കോഹ്ലി തന്നെ നായകൻ; ഒരോ ഇൻസ്റ്റഗ്രാം പോസ്റ്റിനുംകോഹ്ലി വാങ്ങുന്ന പ്രതിഫലം അറിയാം

July 26, 2018

ഇന്ത്യൻ കായിക ലോകത്ത് ഏറ്റവും കൂടുതൽ ബ്രാൻഡ് മൂല്യമുള്ള താരങ്ങളിൽ ഒരാളാണ് ക്രിക്കറ്റ് താരം വിരാട് കോഹ്ലി. സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന ഇന്ത്യയുടെ റൺ മെഷീന്റെ ഓരോ പോസ്റ്റും വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. സോഷ്യൽ മീഡിയയിൽ കോടിക്കണക്കിനാളുകൾ പിന്തുടരുന്ന വിരാട് കോഹ്‌ലിയ്ക്ക് ഉയർന്ന വിപണി മൂല്യം കളത്തിനു പുറത്തും താരത്തിന് നിരവധി റെക്കോർഡുകൾ നേടിക്കൊടുത്തിട്ടുണ്ട്.

ഇപ്പോഴിതാ 23.2 മില്യൺ ഫോളോവെഴ്‌സുള്ള കോഹ്‌ലിയുടെ ഇൻസ്റ്റാഗ്രാമിൽ താരം പോസ്റ്റ് ചെയ്യുന്ന ഓരോ സ്‌പോൺസേർഡ് പോസ്റ്റിനും ലഭിക്കുന്ന തുക കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ..
ഇൻസ്റ്റാഗ്രാം ഷെഡ്യൂൾ ടൂൾ ആപ്പായ ഹോപ്പർ.എച്ച്.ക്യൂ.കോം നടത്തിയ സർവ്വേ പ്രകാരം കോഹ്‌ലിയുടെ ഒരു പോസ്റ്റിന് 120,000 ഡോളറാണ്(80,45,000രൂപ) ലഭിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെ ഏറ്റവും കൂടുതൽ വരുമാനം നേടുന്നവരുടെ പട്ടികയിൽ 17ാം സ്ഥാനത്തു നിൽക്കുന്ന വിരാട് കോഹ്‌ലിക്ക് നിരവധി ബഹുരാഷ്ട്ര കമ്പനികളുമായി കരാറുകളുണ്ട്.

ഇൻസ്റ്റാഗ്രാമിലെ സമ്പന്നരുടെ പട്ടികയിൽ അമേരിക്കൻ മോഡലായ കെയ്‌ലി ജെന്നറാണ് ഒന്നാം സ്ഥാനത്ത്.ഒരു മില്യൺ ഡോളറാണ് ജെന്നറുടെ ഓരോ ഇൻസ്റ്റഗ്രാം പോസ്റ്റിനും ലഭിക്കുന്നത്.പോപ്പ് ഗായിക സെലീന ഗോമസ് രണ്ടാം സ്ഥാനത്തും പോർച്ചുഗീസ് ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ മൂന്നാം സ്ഥാനത്തുമാണ്.