രക്ഷാപ്രവർത്തനം ഊർജിതമാക്കി സൈന്യം..

August 17, 2018

കേരളത്തിന്റെ ഒട്ടു  മിക്ക പ്രദേശങ്ങളിലേയും സ്ഥിതി രൂക്ഷമായതിനെത്തുടർന്ന് രക്ഷാപ്രവർത്തനം ഊർജിതമാക്കി കേന്ദ്ര സേനയും നാട്ടുകാരും രംഗത്തുണ്ട്. എന്നാൽ ചാലക്കുടി പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ് ഈ പ്രദേശങ്ങളിൽ ഹെലികോപ്റ്റർ വഴി മാത്രമാണ് രക്ഷാപ്രവർത്തനം നടത്താൻ സാധിക്കുന്നത്. മഴ കുറഞ്ഞെങ്കിലും ശക്തമായ ഒഴുക്കുള്ളതിനാല്‍ ആകാശമാര്‍ഗ്ഗമാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്.

ചാലക്കുടിയിലെ പ്രളയബാധിതമേഖലയില്‍ ഒരു വീട്ടില്‍ കുടുങ്ങിക്കിടന്ന സ്ത്രീകളും കുഞ്ഞുങ്ങളുമുള്‍പ്പെടെയുള്ളവരെ സൈന്യം രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വളരെ സാഹസീകമായാണ് സൈന്യം ആളുകളെ രക്ഷപെടുത്തുന്നത്. രക്ഷാപ്രവർത്തനം കൂടുതൽ ഫലപ്രദമായി നടത്താൻ മഴ മാറി നിൽക്കുന്നത് സഹായിക്കും. 13 ജില്ലകളിൽ നിലവിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെ പെയ്ത മഴ വളരെ കൂടുതലായതിനാൽ നിലവിൽ ചെറിയ മഴ പോലും പ്രശ്നം ഉണ്ടാക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് കടുത്ത ജാഗ്രത തുടരുന്നത്.

ഉച്ചയ്ക്ക് ശേഷം പല മേഖലകളിലും കാലാവസ്ഥയിൽ മാറ്റം ഉണ്ടാകാനുള്ള സാധ്യത വിദഗ്ധർ പ്രവചിക്കുന്നുണ്ട്. ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ചയ്ക്ക് ശേഷം മഴയിൽ കാര്യമായ കുറവ് ഉണ്ടാകും. മഴ കുറഞ്ഞെങ്കിലും ചില പ്രദേശങ്ങളിൽ വെള്ളം കൂടുകയാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം മലയോര പ്രദേശങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും നാശം വിതച്ചുകൊണ്ടിരിക്കുകയാണ്.