ഏഷ്യന്‍ ഗെയിംസില്‍ ഷാര്‍ദുല്‍ വിഹാന് തിളങ്ങി; വെള്ളിപ്രഭയില്‍ ഇന്ത്യ
2018 ഏഷ്യന്‍ ഗെയിംസ് ഡബിള്‍ ട്രാപ് ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ ഷാര്‍ദുല്‍ വിഹാന് വെള്ളി. 15 വയസുകാരനാണ് ഷാര്‍ദുല്‍. യോഗ്യതാ റൗണ്ടില്‍ ഈ കൊച്ചുമിടുക്കന് ഒന്നാമനായാണ് ഫിനിഷ് ചെയ്തത്. ടെന്നീസ് വനിതാ സിംഗിള്‍സില്‍ അങ്കിതാ റെയ്നയ്ക്ക് വെങ്കലവും ലഭിച്ചു. സെമിയില്‍ ചൈനയുടെ ലോക 34-ാം നമ്പര്‍ താരം ഷ്വായ് സാങ്ങിനോട് അങ്കിത പരാജയം സമ്മതിച്ചു. 4-6, 6-7 ആണ് സ്കോര്‍.
ടെന്നീസ് പുരുഷ ഡബിള്‍സ് ഇനത്തില്‍ രോഹന് ബൊപ്പണ്ണ-ദ്വിവിജ് ശരണ്‍ സംഖ്യം ഫൈനലില്‍ പ്രവേശിച്ചതും ഇന്ത്യയ്ക്ക് കൂടുതല്‍ പ്രതീക്ഷ പകരുന്നു. ജപ്പാന്റെ യൂസുകി, ഷിമാബുകോറോ സംഖ്യത്തെ 4-6, 6-3, 10-8 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇതോടെ ഇന്ത്യ 17 മെഡല്‍ സ്വന്തമാക്കി.
ഷൂട്ടിങ് 25 മീറ്റര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ രാഹി സര്‍നോബാത് സ്വര്‍ണ്ണം കരസ്ഥമാക്കി. ഇതോടെ നിലവില്‍ ഇന്ത്യ കരസ്ഥമാക്കിയത് നാല് സ്വര്‍ണ്ണമെഡലുകളാണ്. എന്നാല്‍ ഷൂട്ടിങില്‍ ഫൈനലില്‍ പ്രവേശിച്ച ഇന്ത്യന്‍ താരം മനു ഭാസ്ക്കറിന് ആറാം സ്ഥാനമാണ് ലഭിച്ചത്.
വുഷു 56 കിലോ പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ സന്തോഷ് കുമാറും വെങ്കലമെഡല്‍ ഉറപ്പിച്ചു. വുഷു 60 കിലോ വനിത വിഭാഗത്തില്‍ റോഷിബിന ദേവി നോറവും വെങ്കല മെഡല്‍ കരസ്ഥമാക്കി.