ഏഷ്യന്‍ ഗെയിംസ്: മെഡലുറപ്പിച്ച് സൈന നെഹ്വാള്
ഏഷ്യന്‍ ഗെയിംസില്‍ ഒരു മെഡല്ക്കൂടി ഉറപ്പാക്കിയിരിക്കുകയാണ് ഇന്ത്യ. ബാഡ്മിന്റണ്‍ വനിത സിംഗിള്‍സില്‍ ഇന്ത്യയുടെ സൈന നെഹ്വാള് സെമി ഫൈനലില്‍ കടന്നു. 36 വര്‍ഷത്തിന് ശേഷമാണ് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യ മെഡല്‍ നേടുന്നത്.
2018 ഏഷ്യന്‍ ഗെയിംസില്‍ ഇതുവരെ ഏഴ് സ്വര്‍ണ്ണ മെഡലുകളാണ് ഇന്ത്യ സ്വന്താമാക്കിയത്. ഷോട്ട്പുട്ടില്‍ തേജീന്ദര്‍പാല്‍ സിങ്ങാണ് ഇന്ത്യയ്ക്കായി ഏഴാമത്തെ മെഡല്‍ കരസ്ഥമാക്കിയത്. ഇതോടെ ഏഴു സ്വര്‍ണ്ണവും ഏഴു വെള്ളിയും 17 വെങ്കലവും ഉള്‍പ്പെടെ ജക്കാര്‍ത്തയില്‍ ഇന്ത്യയ്ക്ക് 31 മെഡലുകളായി.
വനിതകളുടെ സ്ക്വാഷ് സിംഗിള്‍സില്‍ ദീപിക പള്ളിക്കലിനും ജോഷ്ന ചിന്നപ്പയ്ക്കും വെങ്കലം ലഭിച്ചു. പുരുഷന്മാരുടെ സ്ക്വാഷ് സിംഗിള്‍സില്‍ സൗരവ് ഘോഷാലും വെങ്കലം നേടി. അശ്വാഭ്യാസത്തില്‍ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും ഇന്ത്യ വെള്ളി മെഡല്‍ നേടി.
ഡബിള്‍ ട്രാപ് ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ ഷാര്‍ദുല്‍ വിഹാന് വെള്ളി ലഭിച്ചു. 15 വയസുകാരനാണ് ഷാര്‍ദുല്‍. യോഗ്യതാ റൗണ്ടില്‍ ഈ കൊച്ചുമിടുക്കന് ഒന്നാമനായാണ് ഫിനിഷ് ചെയ്തത്. ടെന്നീസ് വനിതാ സിംഗിള്‍സില്‍ അങ്കിതാ റെയ്നയ്ക്ക് വെങ്കലവും ലഭിച്ചു. സെമിയില്‍ ചൈനയുടെ ലോക 34ാം നമ്പര്‍ താരം ഷ്വായ് സാങ്ങിനോട് അങ്കിത പരാജയം സമ്മതിച്ചു. 46, 67 ആണ് സ്കോര്‍.
ടെന്നീസ് പുരുഷ ഡബിള്‍സ് ഇനത്തില്‍ രോഹന് ബൊപ്പണ്ണ – ദ്വിവിജ് ശരണ്‍ സംഖ്യം ഫൈനലില്‍ പ്രവേശിച്ചതും ഇന്ത്യയ്ക്ക് കൂടുതല്‍ പ്രതീക്ഷ പകരുന്നു. ജപ്പാന്റെ യൂസുകി, ഷിമാബുകോറോ സംഖ്യത്തെ 46, 63, 108 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
എന്നാല്‍ കബഡിയില്‍ ഇന്ത്യയ്ക്ക് നിരാശയായിരുന്നു ഫലം. പുരുഷ വിഭാഗം ഫൈനല്‍ കാണാതെ പുറത്തായിരുന്നു. ഇറാനാണ് കബഡിയില്‍ ഇന്ത്യയെ തോല്പിച്ചത്. എഷ്യല് ഗെയിംസില്‍ കബഡി ഉള്‍പ്പെടുത്തിയതിന് ശേഷം ഇത് ആദ്യമായാണ് മെഡല്‍ നേടാതെ ഇന്ത്യ പുറത്താകുന്നത്.