അഫ്രിദിക്ക് ‘ബൂം ബൂം’ എന്ന് പേര് നല്‍കിയ ആ ഇന്ത്യന്‍ താരം

August 29, 2018

ബാറ്റ് കൈയില്‍ക്കിട്ടിയാല്‍ കിടിലന്‍ പ്രകടനം കാഴ്ചവെക്കുന്ന മുന്‍ പാക് ക്രിക്കറ്റ് താരമാണ് അഫ്രിദി. കളിക്കളത്തിന് പുറത്തേക്ക് അടിച്ചുപറപ്പിക്കുന്ന അഫ്രിദിയുടെ സിക്‌സറുകള്‍ കാണുമ്പോള്‍ ബൂം ബൂം അഫ്രിദി എന്ന് ആര്‍പ്പു വിളിക്കാത്ത കായികപ്രേമികള്‍ കുറവാണ്. ലോകക്രിക്കറ്റിലെ തന്നെ തകര്‍പ്പന്‍ ബാറ്റ്‌സ്മാനാണ് അഫ്രിദി. അഫ്രിദിക്ക് ഏറ്റവും അനുയോജ്യമായ പേരും ബൂം ബൂം അഫ്രിദി എന്നതുതന്നെ. എന്നാല്‍ ആരാണ് അഫ്രിദിക്ക് ഈ വിശേഷണം നല്‍കിയത് എന്ന കാര്യത്തില്‍ കായികപ്രേമികള്‍ക്കിടയില്‍ സംശയം നിഴലിച്ചിരുന്നു. എന്നാല്‍ താരം തന്നെ ഇക്കാര്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ്. ഏതൊരു ഇന്ത്യക്കാരനും അഭിമാനമാണ് അഫ്രിദിയുടെ മറുപടി.

ഇന്ത്യന്‍ പരിശീലകനും മുന്‍ താരവുമായ രവി ശാസ്ത്രിയാണ് തനിക്ക് ഈ പേര് സമ്മാനിച്ചതെന്ന് അഫ്രിദി തന്നെ പറഞ്ഞു. ട്വിറ്ററില്‍ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. 37 പന്തില്‍ അഫ്രിദി നേടിയ സെഞ്ചുറി ഏറ്റവും വേഗമേറിയ സെഞ്ചുറിയായി 17 വര്‍ഷക്കാലം നിലനിന്നിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് 2017ലാണ് അഫ്രിദി വിരമിച്ചത്. 398 ഏകദിനങ്ങളും 99 ടിട്വന്റിയും 27 ടെസ്റ്റുകളും അഫ്രിദി കളിച്ചിട്ടുണ്ട്.

അഫ്രിദിക്ക് ബൂം ബൂം എന്ന് പേര് നല്‍കിയ രവി ശാസ്ത്രിയുടെ മുഴുവന്‍ പേര് രവിശങ്കര്‍ ജയദ്രിത ശാസ്ത്രി എന്നാണ്.പതിനെട്ടാം വയസില്‍ സ്പിന്‍ ബൗളറായി രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ശാസ്ത്രി ക്രമേണ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ടീമില്‍ സ്ഥാനമുറപ്പിച്ചു. പ്രതിരോധാത്മക ബാറ്റ്ങ് ശൈലിയിലൂടെ കായികപ്രേമികള്‍ക്കിടയില്‍ സ്ഥാനം പിടിച്ച താരമാണ് രവി ശാസ്ത്രി. പന്ത്രണ്ട് വര്‍ഷത്തോളം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമായിരുന്നു ഇദ്ദേഹം. മത്സര രംഗത്തു നിന്നും വിരമിച്ച ശേഷം ക്രിക്കറ്റ് കമന്ററേറ്റര്‍ എന്ന നിലയിലും ശ്രദ്ധേയനാണ് ഈ കായികതാരം. നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ച് കൂടിയാണ് രവിശാസ്ത്രി.