ഇന്ത്യൻ നായകനായി ദുൽഖർ എത്തുന്നു…

ഇന്ത്യൻ നായകൻ വീരാട് കൊഹ്ലിയായി വെള്ളിത്തിരയിൽ തിളങ്ങാൻ മലയാളികളുടെ സ്വന്തം ദുൽഖർ സൽമാൻ. ശരവേഗത്തിൽ പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് ഓടിക്കയറിയ ദുൽഖർ ബോളിവുഡിലെ അരങ്ങേറ്റ ചിത്രമായ ‘കർവാന്’ ശേഷം ബോളിവുഡിന്റെയും പ്രിയങ്കരനായിക്കൊണ്ടിരിക്കുകയാണ്. അഭിഷേക് ശർമ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ഇന്ത്യൻ നായകൻ വീരാട് കൊഹ്ലിയുടെ വേഷത്തിൽ ദുൽഖർ എത്തുമെന്നാണ് ബോളിവുഡിൽ നിന്നുള്ള വാർത്തകൾ…
അനുജ ചൗഹാന്റെ ജനപ്രിയ നോവലായ ‘ദ് സോയ ഫാക്ടറി’ൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ സോനം കപൂറാണ് നായികയായി എത്തുന്നത്. ഒരു പരസ്യ കമ്പനിയുടെ എക്സിക്യൂട്ടിവ് എന്ന നിലയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമുമായി പരിചയപ്പെടാൻ അവസരം ലഭിക്കുന്ന പെൺകുട്ടിയുടെ വേഷത്തിലാണ് സോനം എത്തുന്നത്.
ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങളുൾപ്പെടുന്ന ഒരു പരസ്യ ചിത്രീകരണത്തിൽ സോയ പങ്കെടുക്കുന്നതും അവർ പിന്നീട് ടീമിന്റെ ഭാഗ്യമായി മാറുന്നതുമാണ് ചിത്രം. താരത്തിന്റെ സാന്നിധ്യം ടീമിന് വിജയങ്ങളും അസാന്നിധ്യം പരാജയങ്ങളും കൊണ്ടുവരുന്നതോടെ, സോയ ടീമിന്റെ ഭാഗ്യമായി മുദ്ര കുത്തപ്പെടും. ഇതോടെ, ഓസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പിലും ടീമിനൊപ്പം പോകാൻ ക്രിക്കറ്റ് ബോർഡ് സോയയെ നിർബന്ധിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.
ക്രിക്കറ്റ് താരങ്ങളുടെ വേഷം ചെയ്യുന്നതിനുള്ള മുന്നൊരുക്കമായി ദുൽഖറും സോനവും ഉടൻ തന്നെ ക്രിക്കറ്റുമായി ബന്ധപ്പെട്ട വർക്ക്ഷോപ്പുകളിലും പങ്കെടുക്കും മലയാളത്തിന്റെ കുഞ്ഞിക്ക വിരാട് കോഹ്ലിയുടെ വേഷത്തിലെത്തുന്ന ചിത്രം അടുത്ത വർഷം ഏപ്രിലിൽ തിയറ്ററുകളിലെത്തും.