മലയാളം പഠിപ്പിച്ചും, മറാത്തി പഠിച്ചും ദുൽഖർ; രസകരമായ വീഡിയോ കാണാം…

August 3, 2018

മലയാളത്തിലും തമിഴിലും ഇതര ഭാഷാ സിനിമാ പ്രേമികൾക്കിടയിലും നിരവധി ആരാധകരുള്ള ദുൽഖറിന്റെ ആദ്യ ബോളിവുഡ് ചിത്രം കര്‍വാൻ ഇന്ന് തിയേറ്ററുകളിൽ എത്തുകയാണ്.  ഒരു റോഡ് യാത്രക്കിടെ പരിചയപ്പെടുന്ന മൂന്ന് വ്യക്തികളുടെ വ്യത്യസ്ഥ ജീവിത കഥ പറയുന്ന ചിത്രമാണ് കർവാൻ. അതേസമയം  ദുല്‍ഖറിന്റേയും സഹനടി മിഥില പാല്‍ക്കറിന്റെയും രസകരമായ ഡയലോഗ് ബാറ്റില്‍ വീഡിയോയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

മലയാളത്തിലേയും മറാത്തിയിലേയും ഡയലോഗുകള്‍ പരസ്പരം കൈമാറി പറയുക എന്നതായിരുന്നു ഇരുവരുടെയും  ചലഞ്ച്. ഒരു ചാനലിനുവേണ്ടി നടത്തിയ ഈ പരിപാടിയില്‍ മലയാളത്തിലുള്ള ഡയലോഗുകള്‍ പറയാന്‍ പലപ്പോഴും മിഥില നന്നായി കഷ്ടപ്പെട്ടു. എന്നാല്‍ മിഥിലയുടെ വെല്ലുവിളിക്ക് മുന്നില്‍ മറാത്തി ഡയലോഗുകള്‍ തെറ്റുകൂടാതെ പറഞ്ഞ് ദുല്‍ഖര്‍ വിജയിയാവുകയും ചെയ്തു.

ചിത്രത്തിൽ കേന്ദ്രകഥാപാത്രമായെത്തുന്ന ദുൽഖറിനൊപ്പം ഇർഫാൻ ഖാൻ മിഥിലാ പാൽക്കർ, കൃതി ഖർബന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഹാസ്യത്തിനു പ്രാധാന്യം നൽകിയൊരുക്കുന്ന ചിത്രത്തിൽ ബാംഗ്ലൂര്‍ സ്വദേശിയായ യുവാവിൻറെ വേഷത്തിലാണ് ദുൽഖർ എത്തുന്നത്. അഭിഷേക് ബച്ചനെയാണ് ചിത്രത്തിലെ നായകനായി ആദ്യം പരിഗണിച്ചിരുന്നതെങ്കിലും പിന്നീട് പല സാഹചര്യങ്ങളാൽ അത് ദുൽഖറിലേക്ക് എത്തപ്പെടുകയായിരുന്നു.

പെർമെനന്റ്, റൂംമേറ്റ്സ് തുടങ്ങിയ വെബ് സീരിയസിൽ മാത്രം അഭിനയിച്ചിട്ടുള്ള മിഥിലയുടെയും അരങ്ങേറ്റ ചിത്രമാണ് കർവാൻ. അഭിനയ ജീവിതം ആരംഭിച്ച് ചുരുങ്ങിയ 6 വർഷങ്ങൾ കൊണ്ട് തന്നെ തെന്നിന്ത്യയിൽ തന്റേതായ സ്‌ഥാനമുറപ്പിച്ച ദുൽഖർ സൽമാന്റെ ബോളിവുഡ് അരങ്ങേറ്റത്തെ വളരെയധികം പ്രതീക്ഷയോടെയാണ് ആരാധകർ ഉറ്റുനോക്കുന്നത്