ഫേസ്ബുക്ക് ലൈവിലൂടെ സഹായ അഭ്യർത്ഥന; രക്ഷാപ്രവർത്തനവുമായി സുരക്ഷാ സേന

August 15, 2018

കനത്ത മഴയെത്തുടർന്ന് വെള്ളക്കെട്ടിൽ അകപ്പെട്ട പത്തനംതിട്ട റാന്നിയിൽ നിന്ന് ഫേസ്ബുക്ക് ലൈവിലൂടെ സഹായമഭ്യർത്ഥിച്ച് രംഗത്തെത്തിയ യുവാവിനും കുടുംബത്തിനും സഹായവുമായി സുരക്ഷാസേന. വെള്ളം കയറിയ വീടിന്റെ മുകളിൽ നിന്ന ഇന്ന് രാവിലെയാണ് ജെഫി എന്ന യുവാവ് സഹായ അഭ്യർത്ഥനയുമായി എത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥർ ബോട്ടിലെത്തിയാണ് ഇയാളെയും കുടുംബത്തെയും രക്ഷപെടുത്തി ക്യാമ്പിലെത്തിച്ചത്. പ്രായമായവരുൾപ്പെടെ നിരവധി പേരാണ് സമീപ പ്രദേശങ്ങളിലുൾപ്പെടെ കുടുങ്ങിപ്പോയത്. ഇവരെയെല്ലാം രക്ഷപെടുത്തി.

അതേസമയം മഴ കുറയാത്തതിനാൽ കേരളത്തിലെ 14 ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നാളെ വരെ ഓറാഞ്ച് അലർട്ട് ആയിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ മഴ കുറയാത്തതിനാൽ ഈ ജിക്കൽ ഉൾപ്പെടെ മുഴുവൻ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിക്കുകയായിരുന്നു. മഴക്കെടുതിയെത്തുടർന്ന് കേരളത്തിൽ മൊത്തം 42 പേരാണ് മരിച്ചത്. എന്നാൽ ഇന്ന് മാത്രമായി ഏഴ് പേരാണ് മരിച്ചത്. ഒറീസ്സ തീരത്തെ ന്യൂന മർദ്ധത്തെ തുടർന്നാണ് കേരളത്തിൽ മഴ ശക്തമായതെന്നും കേരളത്തിന്റെ പല ഭാഗങ്ങളിലും രണ്ട് ദിവസത്തേക്ക് കൂടി മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം പ്രളയക്കെടുതി നേരിടാന്‍ മനുഷ്യാസാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.

മഴ രൂക്ഷമായതിനാല്‍ നാല് ദിവസത്തേക്ക് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിരിക്കുകയാണ്. എല്ലാം സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാമെന്ന് സിയാല്‍ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ട്രെയിനുകളും വൈകിയോടുകയാണ്. നിരവധി സഥലങ്ങളിൽ ബസ് ഉൾപ്പെടെയുള്ള വാഹന ഗതാഗതങ്ങൾ സ്‌തംഭിപ്പിച്ചിരിക്കുകയാണ്.