കേരളം അതിജീവിച്ച് തുടങ്ങിയിരിക്കുന്നു, ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ രണ്ട് ലക്ഷത്തില്‍ താഴെ

August 28, 2018

കേരളത്തെ ഒന്നാകെ ഉലച്ച പ്രളയക്കെടുതിയില്‍ നിന്നും മലയാളികള്‍ കരകയറി തുടങ്ങിയിരിക്കുന്നു. നിലവിലെ കണക്കുകള്‍ പ്രകാരം രണ്ടുലക്ഷത്തില്‍ താഴെ മാത്രം ആളുകളാണ് സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഓഗസ്റ്റ് 21 ലെ കണക്കുകള്‍ പ്രകാരം മൂന്ന് ലക്ഷത്തിലധികം കുടുംബങ്ങളില്‍ നിന്നായി 14 ലക്ഷത്തോളം ദുരന്തബാധിതരായിരുന്നു ക്യാമ്പുകളില്‍ ഉണ്ടായിരുന്നത്. ക്യാമ്പുകളിലെ അംഗസംഖ്യയില്‍ ഉണ്ടായ കുറവ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നു എന്നതിന് തെളിവാണെന്നും മുക്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രളയം ബാധിച്ച വീടുകള്‍ താമസയോഗ്യമാക്കി മാറ്റുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധ സേവകരും എണ്ണയിട്ട യന്ത്രം പോലെ പ്രയത്‌നിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ യുവജനങ്ങള്‍ വഹിക്കുന്ന പങ്കും വളരെ വലുതാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ദുരന്തബാധിതമായ ഓരോ പ്രദേശങ്ങളില്‍ എത്തിച്ചേരുന്നുണ്ട്. കൂടുതല്‍ ആളുകള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് സന്നദ്ധരാകണമെന്നും മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി.

ഓരോ കേരളിയനും നാടിനെ സംരക്ഷിക്കാന്‍ ഇറങ്ങുക എന്ന പൊതു വികാരത്തിലെത്തിയിരിക്കുന്നു. ഈ ഒരു പൊതുബോധം വളര്‍ന്നാല്‍ നാം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാം. തങ്ങളുടെ ഒരു മാസത്തെ ശമ്പളം പുനര്‍നിര്‍മ്മാണ പ്രക്രീയയ്ക്ക് നല്‍കാന്‍ തയാറാകണം. ലോകത്തെവിടെയാണെങ്കിലും ജോലി ചെയ്യുന്ന മലയാളികള്‍ സംഭാവന ചെയ്യാന്‍ സന്നദ്ധരാവണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട സംസ്ഥാനത്തെ പോലീസ് സേനയെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ജനമൈത്രി പോലീസിനെ ജനകീയസേനയാക്കി മാറ്റിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നാല്‍പതിനായിരം പോലീസുകാരാണ് രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിയത്. സഹജീവികളോടുള്ള ഉത്തരവാദിത്വത്തിന്റെ കരുത്ത് പോലീസിനുണ്ടായിരുന്നു. അതാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ അവരെ പ്രാപ്തരാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.