ഇടുക്കിയിലെ സ്ഥിതി മെച്ചപ്പെട്ടു; വീടുകളിലേക്ക് മടങ്ങാനൊരുങ്ങി ആളുകൾ

August 11, 2018

മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും മഴയും നീരൊഴുക്കും കുറഞ്ഞതോടെ ഇടുക്കി, ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു. രാവിലെ പത്തു മണിയുടെ റീഡിങ്ങിൽ ജലനിരപ്പ് 2400.92 അടിയായി. ഇന്നലെ അണക്കെട്ടിലെ  ജലനിരപ്പ് 2401. 60 അടി ഉയർന്നതോടെയാണ് അഞ്ചാമത്തെ ഷട്ടറും  തുറക്കാൻ  അധികൃതർ നിർദ്ദേശിച്ചത്. ഇതോടെ 700 ഘന മീറ്റർ വെള്ളമാണ് പുറത്തേക്ക് വന്നത്. സെക്കന്റിൽ അഞ്ച് ലക്ഷം ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുകി വരുന്നത്.  വെള്ളത്തിന്റെ അളവിൽ കുറവ് ഉണ്ടാകാത്തതിനാൽ വൃഷ്ടി പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. എന്നാൽ  ഇന്ന് ഇടുക്കിയിലെ  അവസ്ഥ നിയന്ത്രണ വിധേയമായെന്നാണ് അധികൃതർ അറിയിക്കുന്നത്. എന്നാൽ തീരദേശ പ്രദേശങ്ങളിൽ ശക്തമായ സുരക്ഷ ഒരുക്കി വിവിധ  സേനകൾ ഇപ്പോഴും രംഗത്തുണ്ട്.

അതേസമയം കേരളത്തിൽ രണ്ട് ദിവസം കൂടി  അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. വരുന്ന 48 മണിക്കൂര്‍ കൂടി കാലവര്‍ഷം ശക്തമായി തുടരുമെന്നാണ് അറിയിച്ചിരുന്നത്.  എന്നാൽ ഇടുക്കിയിലെ സ്ഥിതി ഭേദപ്പെട്ടതോടെ ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റുമായി മാറ്റി പാർപ്പിച്ചിരുന്ന ആളുകളെല്ലാം സ്വന്തം വീടുകളിലേക്ക് മടങ്ങിപോകാനുള്ള ഒരുക്കത്തിലാണ്. അതേസമയം അണക്കെട്ടിലെ വെള്ളം താഴുന്നതുവരെ തുറന്നുവെച്ച ഷട്ടറുകൾ അടയ്ക്കില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം പെരിയാർ തീരത്തുള്ള ആളുകൾ ഇപ്പോഴും ദുരിതത്തിലാണ്.