മഴക്കെടുതിയിൽ തകർന്ന റോഡിന് പകരം മണിക്കൂറുകൾക്കുള്ളിൽ നടപ്പാത സൃഷ്ടിച്ച് ഇന്ത്യൻ ആർമി
കഴിഞ്ഞ കുറെ ദിവസങ്ങളായി കേരള ജനത ഭീതിയുടെ നിഴലിലായിരുന്നു. കനത്ത മഴയിലും മഴ വെള്ളപാച്ചിലിലും നിരവധി വീടുകളും കൃഷി സ്ഥലങ്ങളും നശിച്ചു. റോഡുകൾ ഗതാഗത യോഗ്യമല്ലാതായി. മലപ്പുറം വണ്ടൂർ റോഡ് തകരുന്ന ദൃശ്യം മലയാളികളുടെ മനസ്സിൽ മായാതെ ഉണ്ട്. വണ്ടൂരുകാരുടെ ഏക യാത്രാ മാർഗമായിരുന്നു ഈ റോഡ്. ഇത് ഗതാഗത യോഗ്യമാകാൻ മാസങ്ങൾ എടുക്കുമെന്നുള്ള നാട്ടുകാരുടെ ആവലാതികൾക്ക് ആശ്വാസവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ ആർമി.
പിളർന്ന് മാറിയ റോഡിന് പകരം മണിക്കൂറുകൾക്കൊണ്ട് പുതിയ നടപ്പാത ആർമി ഉദ്യോഗസ്ഥർ ഉണ്ടാക്കി നൽകി. വലിയ മരങ്ങൾ മുറിച്ചുകൊണ്ടുവന്ന് മണിക്കൂറുകൾകൊണ്ട് ഉറപ്പുള്ള പുതിയ യാത്ര മാർഗം ഉണ്ടാക്കി നൽകിയ ഇന്ത്യൻ ആർമിയെ ഏറെ കൗതുകത്തോടെയും അത്ഭുതത്തോടെയുമാണ് നാട്ടുകാർ നോക്കിനിന്നത്. നാട്ടുകാർക്ക് ഷോപ്പുകളിൽ പോകുന്നതിനും കുട്ടികൾക്ക് സ്കൂളുകളിൽ പോകുന്നതിനും മറ്റൊരു മാർഗം ഇല്ലെന്ന് മനസ്സിലാക്കിയാണ് ആർമി ഈ ദൗത്യവുമായി മുന്നോട്ട് വന്നത്.
ഇന്ത്യൻ ആർമിയുടെ ഈ ദൗത്യത്തിന് സഹായവുമായി നിരവധി നാട്ടുകാരും എത്തിയിരുന്നു. താഴ്ന്ന പ്രദേശത്ത് നിന്നും മരങ്ങളും മറ്റും യന്ത്രങ്ങളുടെ സഹായമില്ലതെയാണ് ആർമി മുകളിൽ എത്തിച്ചത്. മഴവെള്ള പാച്ചിലിൽ തകർന്ന മറ്റ് റോഡുകളും ഗതാഗത യോഗ്യമാക്കുന്നതിനായി ഇന്ത്യൻ സൈന്യം മുന്നോട്ട് വന്നിട്ടുണ്ട്.