കേരളം ദുരിതക്കയത്തിൽ; വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; മരണം 22 ആയി; ജനങ്ങൾ പാലിക്കേണ്ട മുൻകരുതലുകളുമായി സർക്കാർ..
കാലവർഷം കലിതുള്ളി പെയ്യുമ്പോൾ കനത്ത മഴയിലും മണ്ണിടിച്ചിലുമായി ഇന്ന് മാത്രം ജീവൻ നഷ്ടപ്പെട്ടത് ഏകദേശം 22 പേർക്ക്. നിരവധി ആളുകളെ കാണാതായി. മലപ്പുറം കൊണ്ടോട്ടിയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് എട്ട് പേർ മരിച്ചു. വീടിനുള്ളിൽ കുടുങ്ങിക്കിടന്ന രണ്ട് പേരെ സൈന്യം രക്ഷപെടുത്തി. വീടിന്റെ താഴത്തെ നില പൂർണ്ണവും നശിച്ചു. ഇനിയും ആളുകൾ കുടുങ്ങിക്കിടപ്പുണ്ടോന്ന് സംശയം ഉള്ളതിനാൽ രക്ഷാപ്രവർത്തകർ സംഭവ സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്..
മഴ കുറയാത്തതിനെത്തുടർന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുഴുവൻ ജില്ലകളിലും കനത്ത മഴയും മണ്ണിടിച്ചിലും ഉരുൾപൊട്ടലും തുടരുന്നതിനാൽ അതീവ ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. മഴ രൂക്ഷമായതിനാൽ ഈ മാസം നടത്താനിരുന്ന ഓണ പരീക്ഷകൾ മാറ്റിവച്ചതായും അധികൃതർ അറിയിച്ചു.
തീവ്രമായ മഴയുടെ സാഹചര്യത്തിൽ നിർബന്ധമായും പാലിക്കേണ്ട മുൻകരുതലുമായി കേരളം സംസ്ഥാന ദുരന്ത നിവാരണ സേന..
1. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം
2. ബീച്ചുകളില്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം
3. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന് സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം
4. മലയോര മേഘലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനനങ്ങള്‍ നിര്‍ത്താതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം
5. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം
6. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു
7. ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറി താമസിക്കുവാന്‍ അമാന്തം കാണിക്കരുത് എന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു
8. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ അല്ലാതെയുള്ളവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുക
9. കുട്ടികള്‍ പുഴകളിലും തോടുകളിലും വെള്ളകെട്ടിലും ഇറങ്ങി കളിക്കുന്നില്ല എന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണം.