മാതൃകയായി കുടുംബശ്രീ ഇതുവരെ ശുചീകരിച്ചത് ഒരു ലക്ഷത്തിലധികം വീടുകള്‍

August 29, 2018

പ്രളയക്കെടുതിയില്‍ നിന്നും കേരളം അതിജീവിച്ചുതുടങ്ങിയിരിക്കുന്നു. ദുരന്തബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ മലയാളികള്‍ ഒന്നടങ്കം സഹകരിക്കുന്നുണ്ട്. പലദേശങ്ങളില്‍ നിന്നുപോലും വീടുകള്‍ വൃത്തിയാക്കാന്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ എത്തുന്നവര്‍ നിരവധിയാണ്. പ്രളയം ബാധിച്ച വീടുകള്‍ വൃത്തിയാക്കിയവരില്‍ കുടുംബശ്രീക്കാരും ഒട്ടും പിന്നിലല്ല. ചളിയും വെള്ളവും കയറി വികൃതമായ 1,13,658 വീടുകളാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇതിനോടകം വൃത്തിയാക്കിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി 2,06143 കുടുംബശ്രീ പ്രവര്‍ത്തകരാണ് ദുരന്തബാധിത മേഖലകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇറങ്ങിത്തിരിച്ചത്. വീടുകള്‍ക്ക് പുറമെ ഓഫീസുകളും നഗരങ്ങളും റോഡുകളുമെല്ലാം ഇവര്‍ ശുചിയാക്കി.

മഹാപ്രളയം കാര്യമായിതന്നെ ബാധിച്ച എറണാകുളത്താണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ കൂടുതല്‍ വീടുകള്‍ വൃത്തിയാക്കിയത്. മുപ്പതിനായിരത്തിലധികം വീടുകള്‍ ജില്ലയില്‍ ഇവര്‍ താമസയോഗ്യമാക്കി. തൃശൂര്‍ ജില്ലയില്‍ ഇരുപതിനായിരത്തോളം വീടുകളും കോട്ടയത്ത് പതിനാറായിരത്തിലധികം വീടുകളും കുടുംബശ്രീക്കാരുടെ നേതൃത്വത്തില്‍ വെടിപ്പായി. പ്രളയം പ്രിയപ്പെട്ടതെല്ലാം കവര്‍ന്നടുത്ത നിരവധി പേര്‍ക്ക് വിവിധ കുടുംബശ്രീ പ്രവര്‍ത്തകര്‍ സ്വന്തം ഭവനങ്ങളില്‍ അഭയവും നല്‍കിയിട്ടുണ്ട്.

ഒരു ദിവസം 1500 വീടുകള്‍ എന്ന കണക്കിന് പത്തനംതിട്ട ജില്ലയിലെ പുളിക്കീഴ് ബ്ലോക്കില്‍ ഏഴായിരത്തോളം വനിതകള്‍ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. പ്രളയം കാര്യമായി ബാധിക്കാത്ത പ്രദേശങ്ങളില്‍ നിന്നും ആയിരക്കണക്കിന് വനിതകളാണ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ദിനംപ്രതി എത്തുന്നത്. അതത് ജില്ലകളിലെ ജില്ലാമിഷനും ജില്ലാഭരണകൂടവും കുടുംബശ്രീവനിതകളുടെ ശുചിയാക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സഹകരിക്കുന്നുണ്ട്. ഇരുപത്തിയഞ്ചോളം വനിതകള്‍ ചേര്‍ന്നാണ് ഒരു വീട് ശുചീകരിക്കുന്നത്.