മഴ ദുരിതത്തിൽ കഴിയുന്നവർക്ക് ആശ്വാസവുമായി മമ്മൂട്ടി
മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ആളുകൾക്ക് സഹായ ഹസ്തവുമായി മലയാളികളുടെ പ്രിയപ്പെട്ട താരം മമ്മൂട്ടി. എറണാകുളം ജില്ലയിലെ പറവൂര്‍ തേലത്തുരുത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ നേരിട്ടെത്തിയ മമ്മൂട്ടി അവിടുത്തെ ആളുകളുടെ ദുരിതം കാണുകയും ക്യാമ്പുകളിൽ കഴിയുന്നവർക്ക് സഹായ വാഗ്ദാനം നല്‍കുകയും ചെയ്തു.
പുത്തന്‍വേലിക്കര തേലത്തുരുത്ത് ഗ്രാമത്തില്‍ വെള്ളം കയറിയതോടെ വീടും സാധനങ്ങളും ഉപേക്ഷിച്ച് ഇറങ്ങിയത് അന്‍പതോളം കുടുംബങ്ങളാണ്. തേലത്തുരുത്തിലെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ ഒരുക്കിയ ക്യാമ്പിലാണ് ഇവർ കഴിയുന്നത്. ഇവിടേക്കാണ് മമ്മൂട്ടി നേരിട്ട് എത്തി സഹായ വാഗ്ദാനം നൽകിയത്. ‘ദുരിതം അനുഭവിക്കുന്നവരെ സംരക്ഷിക്കാൻ കേരളം ജനത മുഴുവനും ഒറ്റ കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ദുരിതബാധിതര്‍ക്ക് കൈത്താങ്ങുമായി എം എല്‍ എ, വി ഡി സതീശനും മമ്മൂട്ടിക്കൊപ്പം ക്യാമ്പിൽ എത്തിയിരുന്നു.
അതേസമയം കനത്ത മഴയും ഉരുൾപൊട്ടലും മൂലം കേരളത്തിലെ ജനങ്ങൾക്ക് വൻ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഏകദേശം 28 -ഓളം ആളുകളാണ് മഴക്കെടുതിയിൽ മരണപ്പെട്ടത്, നിരവധി ആളുകൾക്ക് അവരുടെ വീടുകളും സ്ഥലങ്ങളും നഷ്ടമായി. ഇത്തരത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തുമായി കേന്ദ്ര ഗവണ്മെന്റും തമിഴ്നാട് , കർണാടക തുടങ്ങി അയൽ സംസ്ഥാനങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
അതോടൊപ്പം കേരള ജനതയുടെ മനസാക്ഷിയെ തൊട്ടതായിരുന്നു ദുരിത കയത്തിൽ മുങ്ങിക്കിടക്കുന്നവർക്ക് കമ്പിളി പുതപ്പിന്റെ ആശ്വാസവുമായി എത്തിയ വിഷ്ണു എന്ന അന്യസംസ്ഥാനക്കാരൻ.