കി കി ചലഞ്ചുമായി മമ്മൂക്കയും ലാലേട്ടനും; ആരാധകരെ പൊട്ടിച്ചിരിപ്പിച്ച ട്രോൾ വീഡിയോ കാണാം…

August 2, 2018

ലോകം മുഴുവനുമുള്ള ആളുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായ കി കി ചലഞ്ചിന് പിന്നാലെയാണ്. നിരവധി സൂപ്പർ സ്റ്റാറുകൾ ദിവസേന കി കി ചലഞ്ചുമായി സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. എന്നാൽ എല്ലാക്കാര്യങ്ങളിലും ഒന്നാമതായി എത്താറുള്ള മലയാളികൾക്ക് വീണ്ടും അഭിമാനമായിരിക്കുകയാണ് മലയാളത്തിന്റെ എക്കാലത്തെയും സൂപ്പർ സ്റ്റാറുകൾ മമ്മൂക്കയും മോഹൻലാലും. ഇരുവരും വർഷങ്ങൾക്ക് മുമ്പേ തന്നെ ഈ ചലഞ്ച് ചെയ്തിരുന്നത്രേ …..

മമ്മൂക്കയും ലാലേട്ടനും ഒന്നിച്ചഭിനയിച്ച  ‘നാണയം’ എന്ന ചിത്രത്തിലാണ് ഇരുവരും കി കി ചലഞ്ച് ചെയ്തിരിക്കുന്നത്. 1983 ലാണ് ‘നാണയം’ എന്ന ചിത്രത്തിൽ താരങ്ങൾ ഒന്നിച്ചഭിനയിച്ചത്.  ഓടിക്കൊണ്ടിരിക്കുന്ന കാറിൽ നിന്നും ചാടി ഇറങ്ങി ഡാൻസ് കളിക്കുന്ന ഈ ഗെയിമാണ് കികി ചലഞ്ച്. ചിത്രത്തിലെ ഒരു പാട്ടു സീനിലാണ് ഇരുവരും ഓടിക്കൊണ്ടിരിക്കുന്ന കാറിൽ നിന്നും ചാടി ഇറങ്ങി നൃത്തച്ചുവട് വയ്ക്കുന്നത്. കി കി ചലഞ്ചിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിൽ നിന്നും ‘കി കി ഡു യു ലൗ മി’ എന്ന ഗാനം കേൾക്കുമ്പോഴാണ് വണ്ടിയിൽ നിന്നും ഇറങ്ങി ഡാൻസ് ചെയ്യേണ്ടത്. മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ഡാൻസിനൊപ്പം കി കി ചാലഞ്ചിലെ ഗാനം മിക്സ് ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ മിനിറ്റുകൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു.

അതേസമയം സോഷ്യൽ മീഡിയയിൽ തരംഗമായ ഈ ചലഞ്ചുമായി സാനിയ അയ്യപ്പൻ ഉൾപ്പെടെ  നിരവധി താരങ്ങളാണ് എത്തിയത്.  സാനിയയുടെ  ഡാൻസും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മുമ്പും താരത്തിന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. എന്നാൽ ‘കി കി ഡു യു ലൗ മി’ എന്ന ചലഞ്ചിന്റെ ഭാഗമായി എത്തിയ താരത്തിന്റെ വീഡിയോ കണ്ടത് നിരവധി ആളുകളായിരുന്നു.