രണ്ട് പതിറ്റാണ്ടുകൾ കാത്തുവച്ച സമ്മാനവുമായി ലാലേട്ടനെത്തേടി ആ ആരാധകൻ എത്തി..

മലയാളികൾക്ക് എന്നും ആവേശമായ താരമാണ് മോഹൻലാൽ..താരാരാധന മൂത്ത നിരവധി ആരാധകരെ നാം ദിവസവും കാണാറുണ്ട്. അത്തരത്തിൽ തന്റെ പ്രിയപ്പെട്ട താരത്തിന് നല്കാൻ കാത്തുവച്ച സമ്മാനവുമായി നീണ്ട 26 വർഷങ്ങൾക്ക് ശേഷം എത്തിയിരിക്കുകയാണ് ഒരു ആരാധകൻ. കൊടുങ്ങല്ലൂർ സ്വദേശി സഫീർ അഹമ്മദാണ് രണ്ട് പതിറ്റാണ്ടുകൾ സൂക്ഷിച്ചുവെച്ച സമ്മാനവുമായി ലാലേട്ടനരികെ എത്തിയത്.
തിരുവനന്തപുരത്തെ ‘ലൂസിഫറി’ന്റെ ലൊക്കേഷനിൽ നിന്നും ‘ഡ്രാമ’യുടെ ചിത്രീകരണത്തിനായി കൊച്ചിയിൽ എത്തിയപ്പോഴാണ് സഫീർ തന്റെ സമ്മാനം മോഹൻലാലിനെ കാണിച്ചത്. സിനിമ ജീവിതത്തിലെ നീണ്ട കാലങ്ങൾക്കിടയിൽ താരത്തെ തേടി ചെറുതും വലുതുമായി നിരവധി അവാർഡുകൾ എത്തിയിട്ടുണ്ട്. എന്നാൽ താരത്തിന് ആദ്യമായി ലഭിച്ച ദേശീയ അവാർഡിന്റെ വാർത്ത അടങ്ങുന്ന ഒരു പത്രക്കടലാസാണ് സഫീർ നിധി പോലെ ഈ ഇരുപത്തിയാറ് വർഷങ്ങൾ കാത്തുസൂക്ഷിച്ച് വച്ചത്.
1991 ൽ പുറത്തിറങ്ങിയ ‘ഭരതം’ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിനാണ് മോഹൻലാലിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കുന്നത്. 1992 ലാണ് ലാലേട്ടന് ദേശീയ അവാര്‍ഡ് ലഭിച്ച വാര്‍ത്ത വന്നത്. 1992 ഏപ്രിൽ എട്ടിനുള്ള പത്രങ്ങളിലാണ് ഈ വാർത്ത വരുന്നത്. അന്ന് പിഡിസി വിദ്യാര്‍ത്ഥിയായിരുന്ന സഫീര്‍ ഒരു കൗതുകത്തിന് അന്നത്തെ ആ വാര്‍ത്ത വന്ന പേപ്പര്‍ സൂക്ഷിച്ചു വെച്ചിരുന്നു. എന്നാൽ ഈ പത്രത്തിന്റെ കോപ്പി ഇപ്പോൾ സഫീറിന്റെ കയ്യിലും പത്രത്തിന്റെ ആർകൈവിലും മാത്രമേ ഉള്ളൂ. താൻ സൂക്ഷിച്ചു വച്ച ഈ പത്രക്കടലാസ് മോഹൻലാലിനെ കാണിക്കണമെന്നുള്ള താരത്തിന്റെ വർഷങ്ങളായുള്ള ആഗ്രഹമാണ് ഇപ്പോൾ സഫലമായിരിക്കുന്നത്.